കുളമാവ്: കുളമാവ് സ്വകാര്യ റിസോർട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കൾ പടുതാക്കുളത്തിൽ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി തുരുത്തിക്കാട്ടിൽപടിയിൽ സാജൻ ബാബു (27), തിരുവല്ല പാറയിൽ കുറ്റിയിൽ അൻവിൻ ചെറിയാൻ (25) എന്നിവരാണു മരിച്ചത്. എറണാകുളം ഇൻഫോപാർക്കിലെ ടിഐ ടെക്നോളജീസിലെ ജീവനക്കാരായ നാൽപതുപേരടങ്ങുന്ന സംഘത്തിൽപ്പെട്ട ഇവർ ഒരു ദിവസത്തെ വിനോദ സഞ്ചാരത്തിനായി ഇടുക്കിയിലെത്തിയപ്പോഴാണ് അപകടം.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ കുളമാവിലെ റിസോർട്ടിലെത്തി പന്തുകളിക്കുന്നതിനിടെ കുളത്തിൽ വീണ പന്തെടുക്കുന്നതിനായി നാലുപേർ കൈകോർത്തുനിന്നു ശ്രമിക്കുബോൾ ഇവർ രണ്ടുപേരും കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.
കുളത്തിൽ മുങ്ങിത്താഴ്ന്ന ഇവരെ റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്നു കണ്ടെടുത്തു മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
23 യുവാക്കളും 17 യുവതികളുമാണു സംഘത്തിൽ ഉണ്ടായിരുന്നത്. മൂലമറ്റത്തുനിന്നു ഫയർഫോഴ്സും ആംബുലൻസും സംഭവസ്ഥലത്ത് എത്തിയെങ്കിലും അതിനു മുന്പേ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു.
കാഞ്ഞാർ എസ്ഐ പ്രിൻസ് ജോസഫ്, അഡീഷണൽ എസ്ഐ പി.എം. ഷാജി, കുളമാവ് എസ്ഐ കെ.ആർ. ജയശ്രീ, സിപിഒമാരായ രവീന്ദ്രൻ, പ്രഭാകരൻ എന്നിവർ സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.