കൊട്ടാരക്കര: പത്താംക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു, ദുരൂഹതയെന്ന് ബന്ധുക്കൾ. കിഴക്കേ കല്ലട ഉമ്മിണി അയ്യത്ത് വീട്ടിൽ മധു-സുനിത ദമ്പതികളുടെ മകൻ മജീഷ്(15) ആണ് മരിച്ചത്. പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാഥിയാണ്. പുത്തൂർ പഴവറയിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ചാണ് മജീഷ് പഠിക്കുന്നത്.
മൂന്ന് ദിവസംമുൻപ് സ്കൂളിൽ വീണ് മജീഷിന് പരിക്കേറ്റിരുന്നു. തുടർന്ന് ഹോസ്റ്റൽ അധികൃതർ കുട്ടിയെ എസ്എൻ പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇതിനുശേഷം മജീഷിന് കാലിന് വേദന കൂടിയപ്പോൾ അമ്മ സുനിതയെ ഹോസ്റ്റലിൽ വരുത്തി ഒപ്പംവിട്ടു.
ഇവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചശേഷം ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11 ഓടെ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടറെ കണ്ടു. എക്സ്റേ എടുത്ത ശേഷം വീണ്ടും ഡോക്ടറെ കാണാൻ കാത്തിരുന്നപ്പോഴാണ് കുഴഞ്ഞുവീണ് മരിച്ചത്.
സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് പുത്തൂർ പോലീസ് കേസെടുത്തു. മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. ഇതിനുശേഷമേ മരണകാര്യത്തിൽ വ്യക്തത കൈവരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.