മല്ലപ്പള്ളി: കല്ലൂപ്പാറ സ്വദേശി 13 കാരനായ വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി. വിദ്യാർഥിയുടെ മരണം ഓണ്‍ലൈൻ ഗെയിമുകളുടെ തുടർച്ചയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വിദ്യാർഥിയെ കഴിഞ്ഞ ഒന്നിന് വീടിന്റെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓണ്‍ലൈൻ ഗെയിം സ്ഥിരമായി കളിക്കാറുള്ള കുട്ടിയുടെ ചില കുറിപ്പുകളും സമീപകാലത്തെ സ്വാഭവമാറ്റവുമാണ് സംശയം ജനിപ്പിച്ചിരുന്നു.
ഓണ്‍ലൈൻ ഗെയിമിലൂടെ വിലപിടിപ്പുള്ള കാറുകൾ ലഭിക്കുമെന്നുള്ള ഓഫറുകൾ വിദ്യാർഥിയെ ഗെയിമുകളുടെ വലയിൽപെടുത്തിയിരുന്നതായി പറയുന്നു. മത്സരത്തിന്റെ വിവിധ ഘട്ടങ്ങൾ കുട്ടിയുടെ നോട്ട് ബുക്കിൽ എഴുതിവച്ചിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ പ്രാഥമികമായി പോലീസ് ശേഖരിച്ചു. വിദ്യാർഥി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ മരണം നടന്നതിനു തൊട്ടടുത്ത ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സ്കൂളിലെ മറ്റു വിദ്യാർഥികളിൽ നിന്നുല്ല വിവരങ്ങൾ പോലീസ് ശേഖരിച്ചു. വില കൂടിയ കാർ താൻ സ്വന്തമാക്കുമെന്ന് കുട്ടി ഇടയ്ക്കിടെ വീട്ടിൽ പറയുമായിരുന്നുവെന്ന് ബന്ധുക്കൾ പറുന്നു. മുത്തശിയുടെ ഫോണാണ് കുട്ടി ഉപയോഗിച്ചുവന്നിരുന്നതെന്ന് പറയുന്നു.
എന്നാൽ ഇതു കഴിഞ്ഞദിവസമാണ് സൈബർസെല്ലിനു കൈമാറിയത്. അടുത്തകാലത്തായി തനിക്കു ഭയമാണെന്നു കുട്ടി വീട്ടുകാരോടു പറയുമായിരുന്നു. രാത്രിയിൽ കൂടുതലായി ഭീതി കാട്ടുകയും മുത്തച്ഛനോടൊപ്പം കിടക്കുകയും ചെയ്യുമായിരുന്നു.
സൈബർസെൽ പ്രാഥമിക അന്വേഷണം നടത്തി. ഇതിനിടെ മുൻ എംഎൽഎ ജോസഫ് എം. പുതുശേരി മുഖ്യമന്ത്രിക്കു നല്്കിയ പരാതിയേ തുടർന്ന് സൈബർ സെൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശവുമുണ്ടായി. മുന്തിയ കാറുകളും മറ്റും ഓഫർ നൽകി വിദ്യാർഥികളെയും മറ്റും തങ്ങളുടെ മാസ്മരിക വലയത്തിൽ പെടുത്തുകയെന്നതാണ് ഗെയിമുകളുടെ രീതിയെന്ന് ജോസഫ് എം.പുതുശേരി മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
സംഭവം ഒറ്റപ്പെട്ടതായി കാണാതെ സൈബർ വിദഗ്ധർ ഉൾപ്പെട്ട സംഘത്തെ ചേർത്ത് ശാസ്ത്രീയ അന്വേഷണം നടത്തുകയും കുട്ടികളെ വലയിലാക്കുന്ന ഇത്തരം മൊബൈൽ, ഓണ്‍ലൈൻ ഗെയിമുകൾക്കെതിരെ കുട്ടികളെയും രക്ഷകർത്താക്കളെയും ബോധവത്കരിക്കുകയും വേണമെന്ന് പുതുശേരി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാലയങ്ങളിൽ സൈബർ സെല്ലുകളും കൗണ്‍സലിംഗ് കേന്ദ്രങ്ങളും തുറന്ന് കുട്ടികൾക്കു തങ്ങളുടെ ഭയാശങ്കകൾ പങ്കുവയ്ക്കാൻ അവസരമുണ്ടാകണം. തങ്ങളിലുണ്ടാകുന്ന മാനസികസംഘർഷം കുറയ്ക്കാൻ കുട്ടികൾക്ക് ഇന്ന് അവസരമുണ്ടാകുന്നില്ലെന്നും പുതുശേരി പരാതിയിൽ ചൂണ്ടിക്കാട്ടി.