ഗുരുവായൂർ: ആനയുടെ കുത്തേറ്റു മരിച്ച പാപ്പാൻ സുഭാഷിന്റെ കുടുംബത്തിനു സഹായമായി അഞ്ചു ലക്ഷം ദേവസ്വം ഫണ്ടിൽനിന്നു നൽകാൻ ഭരണസമിതി തീരുമാനിച്ചു. ഇതു നൽകാൻ കമ്മീഷണറുടെ അനുമതിക്കായി കത്തുനൽകും. സുഭാഷിന്റെ ആശ്രിതന് ആശ്രിത നിയമനം വഴി ജോലി നൽകും.
ഇതിനു പുറമെ ദേവസ്വം ഇൻഷ്വറൻസ് പദ്ധതിയിൽനിന്നും സർക്കാർ ഇൻഷ്വറൻസ് പദ്ധതിയിൽനിന്നുമുള്ള നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും ഭരണസമിതി തീരുമാനിച്ചു. അപകടത്തെത്തുടർന്നു പരിക്കുപറ്റി അമല ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവകിക്കു ചികിത്സാച്ചെലവിനു പുറമെ 50,000 രൂപ ധനസഹായമായി നൽകും. കമ്മീഷണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്കു ധനസഹായം കൈമാറും.
ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെഴുന്നള്ളിപ്പിനു നിയന്ത്രണം; വിളക്കെഴുന്നള്ളിപ്പിന് ഇന്നുമുതൽ ഒരാന മാത്രം
ഗുരുവായൂർ: ആന പാപ്പാൻ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ടു ഗുരുവായൂർ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.ക്ഷേത്രത്തിൽ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിന് ഒരാന മതിയെന്നു ഭരണസമിതി തീരുമാനമെടുത്തു. സുരക്ഷാ കാരണങ്ങളാലും പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പരിഗണിച്ചുമാണ് തീരുമാനം. മണ്ഡലകാലത്ത് നടക്കുന്ന രാവിലത്തെ ശീവേലിക്കു മൂന്ന് ആനകളെ എഴുന്നള്ളിക്കും.
വിശേഷ ദിവസങ്ങളായ ഉത്സവം, അഷ്ടമിരോഹിണി, ഏകാദശി ദിവസങ്ങളിലും സ്വർണക്കോലം, വെള്ളിക്കോലം എഴുന്നള്ളിപ്പു ദിവസങ്ങളിലുമാണ് ഇനി മൂന്ന് ആനകളെ അണിനിരത്തിയുള്ള എഴുന്നള്ളിപ്പുണ്ടാവൂ. വിദഗ്ധ പരിശോധനയ്ക്കുശേഷം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ആനകളെ മാത്രം എഴുന്നള്ളിപ്പുകൾക്ക് അയച്ചാൽ മതിയെന്നും തീരുമാനിച്ചു. ജീവധനം വിഭാഗം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററെ ഇക്കാര്യത്തിൽ ചുമതലപ്പെടുത്തി.
മദപ്പാട് കാലം കഴിഞ്ഞ്്് ഒരുമാസത്തിനുശേഷമേ ആനകളെ എഴുന്നള്ളിപ്പുകൾക്കു വിടാവൂ. ക്ഷേത്രത്തിലെ എഴുന്നള്ളിപ്പു സമയത്ത് പ്രത്യേക പരിശീലനം നേടിയ അഞ്ചു പാപ്പാൻമാരെ ക്ഷേത്രത്തിൽ നിയോഗിക്കും. ഇതിനുളള പാപ്പാൻമാരുടെ ലിസ്റ്റ് തയാറാക്കി റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കണം. എഴുന്നള്ളിപ്പ് ചടങ്ങുകൾ തീരുന്നതുവരെ ജീവധനം വിഭാഗത്തിലെ ഉദ്യോഗസ്ഥർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ക്ഷേത്രത്തിലുണ്ടാകണം.
സുരക്ഷയ്ക്കായി ക്ഷേത്രത്തിൽ കാച്ച് ബൽറ്റ്, വടം എന്നിവ സൂക്ഷിക്കാൻ ക്ഷേത്രം ഡിഎക്കു നിർദേശം നൽകി. എഴുന്നള്ളിപ്പുകൾക്ക് അയയ്ക്കാൻ തീരുമാനിച്ച ആനകളുടെ ഫിറ്റ്നസ് പരിശോധന മാസത്തിലെ ആദ്യ ആഴ്ച പൂർത്തീകരിക്കണം.
ജീവധനം എക്സ്പർട്ട് കമ്മിറ്റിയിലേക്കു പുതിയതായി മൂന്നുപേരെക്കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചു. ക്ഷേത്രത്തിലുണ്ടായ അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് അടിയന്തരമായി താംബൂല പ്രശ്നം നടത്തും.ചെയർമാൻ എൻ.പീതാംബരക്കുറുപ്പ് അധ്യക്ഷത വഹിച്ചു.