മുളങ്കുന്നത്തുകാവ്: ഗൂരുവായൂരിൽ ലോഡ്ജിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച നാലംഗ കുടുംബത്തിലെ കുടുംബനാഥനും മരണത്തിന് കീഴടങ്ങി. മൂന്നുപേർ നേരത്തെ തന്നെ മരിച്ചിരുന്നു.
മലപ്പുറം വണ്ടൂർ കാളികാവ് ചേരൻകോട് കോളനിയിൽ സുനിൽ കുമാറാണ് (38) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരിച്ചത്. ഭാര്യ സുജാത(36) ഇന്നലെയും ആറും മൂന്നും വയസ്സുള്ള മക്കളായ അമൽകുമാറും ആകാശകുമാറും നേരത്തെ മരിച്ചിരുന്നു.
സാന്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യയക്ക് പ്രേരിപ്പിച്ചതെന്ന് സുനിൽ കുമാർ മരിക്കുന്നതിനു തൊട്ടു മുന്പ് സഹോദരനോട് പറഞ്ഞുവത്രെ. ഇന്നു രാവിലെ ആറുമണിയോടെ സുനിൽ കുമാറിന്റെ വസ്ത്രങ്ങൾ മാറ്റുന്നതിനിടയിൽ സഹോദരൻ സുജോഷ് സുനിൽ കുമാറിനോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കുടുംബത്തോടെ ജീവനൊടുക്കാൻ തീരുമാനിച്ചതിന്റെ കാര്യങ്ങൾ സുനിൽകുമാർ വെളിപ്പെടുത്തിയത്.
നാട്ടുകാരനും വട്ടിപലിശക്കാരനുമായ ഒരു വ്യക്തിയിൽ നിന്നും പണം വായ്പ വാങ്ങിയിരുന്നുവെന്നും സർക്കാരിൽ നിന്നും കിട്ടിയ മൂന്ന് സെന്റ് സ്ഥലത്തിന്റെ പട്ടയം നൽകിയാണ് തുക വാങ്ങിയിരുന്നതെന്നും സുനിൽകുമാർ പറഞ്ഞതായി സഹോദരൻ പറഞ്ഞു.
വായ്പ വാങ്ങിയതിൽ നല്ലൊരു ശതമാനം തുകയും തിരിച്ച് നൽകിയിരുന്നുവെന്നും, എന്നാൽ ബാക്കി തുകയും പലിശയും ഉടൻ നൽകണമെന്നും അല്ലെങ്കിൽ വിവരം അറിയുമെന്നും പോലിസിനെ കൊണ്ടുവന്ന് വീട് ജപ്തി ചെയ്യിക്കുമെന്നും പലിശക്കാരൻ ഭീഷണിപ്പെടുത്തി.
ഇതേത്തുടർന്നാണ് താൻ രാത്രി വീട്ടുകാരെ കൂട്ടി സ്ഥലം വിട്ടതെന്നും ആത്മഹത്യക്ക് ശ്രമിച്ചതെന്നും സുനിൽകുമാർ പറഞ്ഞതായി സുജോഷ് വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ പറഞ്ഞ ശേഷം ആറരയോടെ സുനിൽകുമാർ മരിക്കുകയും ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് സുനിൽ കുടുംബസമേതം പടിഞ്ഞാറേ നടയിലെ ലോഡ്ജിൽ മുറിയെടുത്തത്.
ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉച്ചയോടെ ലോഡ്ജിൽ മടങ്ങിയെത്തി പാൽപായസത്തിൽ എലിവിഷം കലർത്തി കഴിക്കുകയായിരുന്നു. റബ്ബർടാപ്പിംഗ് തൊഴിലാളിയിരുന്നു സുനിൽകുമാർ.