തലശേരി: അധികൃതരുടെ കടുത്ത അനാസ്ഥയിൽ ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലെ പവലിയൻ ഉൾപ്പെടെയുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ടെറസിലെ അടപ്പില്ലാത്ത ജല സംഭരണിയിൽ വീണ് പാനൂർ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സുനിൽ കുമാർ-ചന്ദ്രി ദന്പതികളുടെ മകൻ സജിൻ കുമാർ (25) മരണമടഞ്ഞു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ജലസംഭരണിയിൽ മൃതദേഹം കണ്ടെത്തിയത്.
ഇലക്ട്രീഷനായ സജിൻ കുമാർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്പോർട്സ് കാർണിവലിനോടനുബന്ധിച്ച് ദീപാലങ്കാരത്തിനു കയറിയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. വൈകുന്നേരത്തോടെ തന്നെ കെട്ടിടം അലങ്കരിക്കാൻ സജിൻ കുമാർ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ടെറസിനു മുകളിൽ ദീപാലങ്കാരം നടത്തുന്നതിനിടയിലായിരിക്കാം ഫയർ ആൻഡ് സേഫ്റ്റിക്കു വേണ്ടി ടെറസിനു മുകളിൽ സജീകരിച്ച ജല സംഭരണിയിൽ വീണത്.
ഏറെ വൈകിയിട്ടും സജിൻ കുമാറിനെ കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.
ജല സംഭരണിക്ക് അടപ്പില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് സഹപ്രവർത്തകർ രാഷ്ട്രദീപികയോട് പറഞ്ഞു. സഹോദരൻ: സുജിൻ കുമാർ.