ചെങ്ങന്നൂർ: സാധാരണ ഗതിയിൽ ഗുജറാത്തിലേക്കുള്ള യാത്ര തനിച്ചായിരുന്നു നടത്തിയിരുന്നത് ഇത്തവണയും ആപതിവ് തെറ്റിച്ചില്ല. ട്രെയിനിൽ ആലുവ അരമനയിൽ ഇറങ്ങിയശേഷം അവിടെ വിശ്രമിച്ച് ചെങ്ങന്നൂരിൽ നിന്നും എത്തുന്ന കാറിൽ ഓതറ ദയറയിൽ എത്തിയതിനുശേഷമായിരിക്കും ചെങ്ങന്നൂർ അരമനയിൽ എത്തുക.
അങ്ങനെയെങ്കിൽ ഉച്ചയ്ക്ക് മുന്പ് ചെങ്ങന്നൂരിൽ എത്തിച്ചേരേണ്ട തിരുമേനിയുടെ വിയോഗ വാർത്തയാണ് ഭദ്രാസനത്തെ തേടിയെത്തിയത്. ഇത്തവണ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് നൽകാനായി ഗുജറാത്തിൽ നിന്നും അവശ്യസാധനങ്ങളുമായാണ് എത്തിയത്.
അത് വിതരണം ചെയ്യുന്നത് കാണുവാനുള്ള ഭാഗ്യം തിരുമേനിക്ക് ഉണ്ടായില്ല. ഏതാനും വർഷങ്ങൾക്ക് മുന്പ് നാടിനെ ചിക്കുൻ ഗുനിയ ഗ്രസിച്ചപ്പോൾ ഗുജറാത്തിൽ നിന്നുള്ള ചില പ്രത്യേക മരുന്നുകൾ ആശ്വാസമായി തിരുമേനി ചെങ്ങന്നൂരിൽ വിതരണം ചെയ്തത്. നാട്ടുകാർ നന്ദിയോടെ ഓർക്കുന്നുണ്ട്.
അരമനയിലേക്ക് ജനപ്രവാഹം
ചെങ്ങന്നൂർ: ഇന്ന് രാവിലെ കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസിന്റെ വേർപാട് രാവിലെ 6.30 ഓടെയാണ് ബഥേൽ അരമനയിൽ അറിഞ്ഞത്.
അപ്പോഴേക്കും വൈദികരും ഇടവക ജനങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഒഴുകി എത്തുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലധികം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ അധിപനായിരുന്ന അത്താനാസിയോസ് തിരുമേനിയുടെ ആസ്ഥാനമായ ബഥേൽ അരമനയിലേക്ക് വൈദികരും സ്ത്രീകളും കുട്ടികളും അടങ്ങിയ വിശ്വാസികളിൽ പലരും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയാണെത്തിയത്.
മാർത്തോമ്മ സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ തീമോത്തിയോസ് എപിസ്കോപ്പ, സജി ചെറിയാൻ എംഎൽഎ, മുൻ എംഎൽഎ ശോഭന ജോർജ്, കോർ എപ്പിസ്കോപ്പമാർ തുടങ്ങിയവരെത്തി.
സാമൂഹിക പ്രതിബദ്ധത കൈവിടാതെ മാർ അത്താനാസിയോസ്
പത്തനംതിട്ട: പൊതുസമൂഹത്തിന്റെ പുരോഗതിയാണ് സഭയുടെ പ്രവർത്തനലക്ഷ്യമെന്ന കാഴ്ചപ്പാടായിരുന്നു കാലംചെയ്ത തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടേത്. അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലം ഓർത്തഡോക്സ് സഭയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതായിരുന്നില്ല.
പതിറ്റാണ്ടുകൾക്കു മുന്പ് ഗുജറാത്തിൽ അധ്യാപകനായെത്തുന്പോൾ ആ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ തന്നാലാവുന്നത് ചെയ്യണമെന്നുറച്ച അദ്ദേഹം അവിടെനിന്ന് തിരികെ മടങ്ങുന്പോൾ നൽകിയ സംഭാവകളെ ആ സംസ്ഥാനം ഏറെ വിലമതിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചതു മാത്രമല്ല, ഗുജറാത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിനു പ്രത്യേകമായ ഒരു കാഴ്ചപ്പാട് നൽകി.
ഇതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഗുജറാത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് മാർ അത്താനാസിയോസ് പല മേഖലകളിലും വഴികാട്ടിയായി. ്പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും അടക്കമുള്ള ദേശീയ നേതാക്കൾ ഇന്നും മാർ അത്താനാസിയോസുമായി സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്നു.
പൊതുസമൂഹത്തോടുള്ള കൂറിൽ അദ്ദേഹം ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങൾക്കു കഴിയാവുന്ന സഹായം ചെയ്യാൻ ഗുജറാത്തിൽ ഇരുന്നു കൊണ്ട് നിർദേശിച്ചു. ഇന്ന് നാട്ടിൽ താൻ മടങ്ങിയെത്തിയാലുടൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനുണ്ടാകുമെന്ന് സജി ചെറിയാൻ എംഎൽഎയോട് അറിയിക്കുകയും ചെയ്തിരുന്നതാണ്. മൂന്നു പതിറ്റാണ്ട് ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപനായിരുന്നു.
ഇക്കാലയളവിൽ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി, വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ അധ്യക്ഷൻ തുടങ്ങിയ ചുമതലകളും വഹിച്ചു.വൈദികവൃത്തിയുടെ തുടക്കം ഗുജറാത്തിലായിരുന്നു. അന്ന് അവിടെ ഓർത്തഡോക്സ് സഭയ്ക്ക് സ്വന്തമായി ദേവാലയങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കത്തോലിക്കാ സഭയുടെ ആരാധനാലയം വിട്ടുതന്നത് പല വേദികളും നന്ദിയോടെ മാർ അത്താനാസിയോസ് സ്മരിച്ചിരുന്നു.
ഗുജറാത്തിൽ സഭയെ പടുത്തുയർത്തുന്നതിനൊപ്പം വിദ്യാഭ്യാസ പുരോഗതിയാണ് അദ്ദേഹം ലക്ഷ്യമിട്ടത്. നാട്ടിൽ മെത്രാനായി തിരികെയെത്തിയപ്പോഴും കുട്ടികൾ ഉന്നതവിദ്യാഭ്യാസരംഗത്ത് ശോഭിക്കണമെന്ന ആഗ്രഹക്കാരനായിരുന്നു. സിവിൽ സർവീസസ് രംഗത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ കഴിയുന്ന പദ്ധതികളും സ്ഥാപനങ്ങളും അദ്ദേഹം വിഭാവനം ചെയ്തു. കുട്ടികളെ ഏറെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നതിനൊപ്പം തന്റെ എല്ലാ കുർബാനകളിലും ഇവർക്കുവേണ്ടി പ്രത്യേക പ്രാർഥനകളും നടത്തിവന്നു.
പ്രകൃതിയോടുള്ള സ്നേഹവും കൃഷിയോടുള്ള താത്പര്യവും അദ്ദേഹത്തിനെന്നുമുണ്ടായിരുന്നു. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ മാർ അത്താനാസിയോസിന്റെ അഭിപ്രായ പ്രകടനങ്ങൾ ഏറെ ശ്രദ്ധേയമായി. സാമൂഹികമായ വെല്ലുവിളികളെ നേരിടാൻ ആത്മീയതയുടെ കരുത്ത് മതിയാകുമെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. ഇതിനായി മെത്രാപ്പോലീത്ത നടത്തിയിട്ടുള്ള ആഹ്വാനങ്ങളും സാമൂഹിക ഇടപെടലുകളും പ്രശസ്തമാണ്.
ഗുജറാത്തിലെ ഭുജിൽ ഭൂകന്പമുണ്ടായപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ഒരു ട്രക്ക് നിറയെ അരിയും എണ്ണയും ഗോതന്പും മറ്റു ഭക്ഷണസാധനങ്ങളുമായി ആദ്യം രംഗത്തിറങ്ങിയത് മാർ അത്താനാസിയോസാണ്. മൃതദേഹങ്ങൾ കത്തിക്കാൻ വിറക് ലഭ്യമല്ലെന്നറിഞ്ഞപ്പോൾ അതും അദ്ദേഹം കരുതിയിരുന്നു.