കൊച്ചി: അയല്‍ക്കാരനെ കുടുക്കുന്നതിനായി പ്രധാനമന്ത്രിക്കെതിരേ ഭീഷണിക്കത്ത് അയച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു.
കലൂരില്‍ കാറ്ററിംഗ് യൂണിറ്റ് നടത്തുന്ന കതൃക്കടവ് സ്വദേശി അഞ്ചാനിക്കല്‍ സേവ്യറാണ് (58) അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയാണ് സേവ്യറെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കത്തിലെയും സേവ്യറിന്റെയും കൈയക്ഷരങ്ങള്‍ ഒന്നാണെന്ന ശാസ്ത്രീയപരിശോധനാ ഫലം ലഭിച്ചതിനു പിന്നാലെയായിരുന്നു നടപടി. ഭീഷണിപ്പെടുത്തല്‍, പ്രകോപനമുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
വ്യാജരേഖ ചമയ്ക്കലടക്കമുള്ള കുറ്റങ്ങള്‍ കൂടി ഇയാള്‍ക്കുമേല്‍ ചുമത്തിയേക്കും. ഊമക്കത്ത് എഴുതൽ പതിവാക്കിയ ആളാണ് സേവ്യറെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജീവ് ഗാന്ധിയുടേതിന് സമാനമായി നരേന്ദ്ര മോദിയെ വധിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
കതൃക്കടവ് സ്വദേശി നടുമുറ്റത്ത് ജോണി ജോസഫിന്റെ പേരിലായിരുന്നു സേവ്യര്‍ ഭീഷണിക്കത്ത് എഴുതിയത്. ജോണിയും സേവ്യറും നേരത്തെ അയല്‍വാസികളായിരുന്നു. ആദ്യമെല്ലാം നല്ല സൗഹൃദത്തിലായിരുന്നു ഇവര്‍
സേവ്യര്‍ തന്റെ കാറ്ററിംഗ് യൂണിറ്റിലെ ഭക്ഷണമാലിന്യങ്ങള്‍ കാനയിലേക്ക് തള്ളാന്‍ തുടങ്ങിയതോടെ പരിസരവാസികള്‍ ചോദ്യം ചെയ്തു. ജോണിയും ഇതില്‍ മുൻപന്തിയിലുണ്ടായിരുന്നു. അന്നുമുതലാണ് ജോണി സേവ്യറിന്റെ ശത്രുവായത്.
ഒരാഴ്ച മുമ്പാണ് ബിജെപി സംസ്ഥാന കാര്യാലയത്തില്‍ ഭീഷണിക്കത്ത് ലഭിച്ചത്. ജോണി നല്കിയ വിവരങ്ങളാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകരമായത്.
സേവ്യറിന്റെ വീട്ടില്‍ നിന്നു സമാനമായ കത്തുകളും രേഖകളും ലഭിച്ചിട്ടുണ്ടെന്നും ഇവയെല്ലാം ഒരേ കൈയക്ഷരമാണെന്നും വ്യക്തമായതോടെയാണ് അറസ്റ്റെന്ന് നോര്‍ത്ത് സിഐ പ്രഭാത് ചന്ദ്രന് പറഞ്ഞു.