നെടുങ്കണ്ടം: സിപിഎം നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് ഉടുമ്പന്‍ചോലയില്‍ ഏലത്തോട്ടം അടച്ചുപൂട്ടി. ഉടമകളെ വധിക്കുമെന്നും ജെസി പ്ലാന്റേഷന് ഇനി ഉടുമ്പന്‍ചോലയില്‍ കാണില്ലെന്നും സിപിഎം നേതാക്കളുടെ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് തോട്ടം അടച്ചുപൂട്ടാന്‍ ഉടമകള്‍ തീരുമാനിച്ചത്.
സിപിഎം ശാന്തന്‍പാറ ഏരിയാ സെക്രട്ടറി എന്‍.പി. സുനില്‍കുമാര്‍, സിപിഎം നേതാക്കളായ അനീഷ്, നൈനാച്ചന്‍, നിസാം, പെരുമാള്‍ എന്നിവരില്‍നിന്നു സംരക്ഷണം തേടി ജെസി പ്ലാന്റേഷന് ഉടമ ജേക്കബ്, മാനേജര്‍ സി.എസ്. ഇന്ദിരാകുമാരി എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതിനുശേഷം നേതാക്കളില്‍ ചിലര്‍ വൈരാഗ്യബുദ്ധിയോടെ തോട്ടം ഉടമകളെ വേട്ടയാടിത്തുടങ്ങിയ സാഹചര്യത്തിലാണ് ഏലത്തോട്ടം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നു ഉടമ പറയുന്നു. വിഷയത്തില്‍ ഏതാനും നേതാക്കള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന പരാതിയും സിപിഎമ്മിലെ ഒരു വിഭാഗത്തിനുണ്ട്.
ഏലത്തോട്ടം വാങ്ങി കൃഷി ആരംഭിച്ച വിദേശമലയാളിയോട് ഒരുലക്ഷം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് സിപിഎം ശാന്തന്‍പാറ ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ പിരിവിനെതിരേ ഉടമ കോടതിയെ സമീപിച്ചതാണ് നേതാക്കളുടെ ശത്രുതയ്ക്കു കാരണം.
തോട്ടത്തിലെ ജീവനക്കാര്‍ക്കുനേരെ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണവും നടന്നിരുന്നു.രണ്ടാഴ്ച മുമ്പാണ് തോട്ടത്തിലെ ജീവനക്കാരായ രാജ, ഗോപന് എന്നീ തൊഴിലാളികളെ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമിച്ചത്.
ഇവര്‍ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ സിപിഎം ഉടുമ്പന്‍ചോല ലോക്കല്‍ സെക്രട്ടറി അനീഷ്, ഡിവൈഎഫ്ഐ നേതാവ് നിസാം, പാര്‍ട്ടി അനുഭാവികളായ മുത്തുരാജ്, പെരുമാള്‍, ചെല്ലദുരൈ എന്നിവരെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
തിരുവനന്തപുരം സ്വദേശികളായ ജേക്കബ് -ജെസി ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടത്തിലാണ് സിപിഎം അതിക്രമം നടന്നത്. ജേക്കബ് കുവൈറ്റില്‍ വ്യവസായിയാണ്. 2001ലാണ് 16 ഏക്കര്‍ ഏലത്തോട്ടം ഇവര്‍ വാങ്ങിയത്. സിഐടിയു യൂണിയനാണ് തോട്ടത്തിലുള്ളത്.
പ്രാദേശിക സിപിഎം നേതാവും ഇപ്പോള്‍ ശാന്തന്‍പാറ ഏരിയ സെക്രട്ടറിയുമായ എന്‍.പി സുനില്‍കുമാര്‍ പാര്‍ട്ടി ഫണ്ടിലേക്ക് എന്ന പേരില്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ജേക്കബ് പറയുന്നു. ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനയി 25,000 രൂപ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം വി.എന്‍. മോഹനന് ഗൂഗിള്‍ പേയിലൂടെ നല്‍കിയതായി ഉടമ പറയുന്നു.
പിരിവിനും യൂണിയന് പ്രവര്‍ത്തനത്തിനുമായി സിപിഎം നേതാക്കള്‍ തോട്ടത്തിലേക്കു കയറുന്നതു നാലു മാസം മുമ്പ് കോടതി വിലക്കിയിരുന്നു. ഇതോടെയാണ് തോട്ടത്തിലെ ജീവനക്കാര്‍ക്കുനേരെ സിപിഎം തിരിഞ്ഞത്.
ആക്രമണം നടക്കുമെന്നു തോന്നിയതോടെ പോലീസ് സംരക്ഷണത്തിനും ജേക്കബ് അനുമതി വാങ്ങിയിരുന്നു. എന്നാല്‍, പോലീസ് കാവലില്‍ തോട്ടം ജോലികള്‍ ചെയ്യുന്നതിനിടെ സിപിഎം നേതാക്കളുടെ നേതൃത്വത്തിലെത്തിയ സംഘം തോട്ടത്തിലെ ജീവനക്കാരെ ആക്രമിച്ചെന്നാണു പരാതി. തോട്ടം ഉടമയ്ക്കും ജീവനക്കാര്‍ക്കും നേരെ വധഭീഷണി ഉയര്‍ന്നതോടെയാണ് തോട്ടം ഉപേക്ഷിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.