ആലപ്പുഴ: പ്രളയക്കെടുതിയിൽ മുങ്ങിയിരുന്ന വീട്ടിലെ വെള്ളം താഴ്ന്നതിനെത്തുടർന്നു വീടു വൃത്തിയാക്കാനായി പോയി മടങ്ങിയ മൂന്നംഗ സംഘത്തിന്റെ വള്ളം മറിഞ്ഞു രണ്ടു യുവാക്കളെ കാണാതായി. സഹോദരങ്ങളുടെ മക്കളെയാണു കാണാതായത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മൂന്നാമൻ രക്ഷപ്പെട്ടു.
കാവാലം മുല്ലശേരി പത്താം വാർഡിൽ തങ്കച്ചൻ-ജെസി ദന്പതികളുടെ മകൻ ടിബിൻ (23), മുല്ലശേരി ബാബു-എമിലി ദന്പതികളുടെ മകൻ ബിബിൻ (19) എന്നിവരെയാണു കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്നു ടിബിന്റെ സഹോദരനായ ടിറ്റോ (20) രക്ഷപ്പെട്ടു. ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാന്പിൽനിന്നു വീടു വൃത്തിയാക്കാൻ പോയി മടങ്ങുന്പോൾ വള്ളം ഒഴുക്കിൽപ്പെട്ടു മറിയുകയായിരുന്നു.
പള്ളിപ്പുറം ജംഗ്ഷനിൽനിന്നു പുഴ കുറുകെ കടക്കുന്പോൾ അതുവഴി വന്ന ബോട്ടിന്റെ ഓളത്തിൽപ്പെട്ടാണു വള്ളം മറിഞ്ഞതെന്നു പറയുന്നു. യുവാക്കൾക്കുണ്ടായ അപകടവാർത്ത കേട്ട് നടുക്കത്തിലാണ് ദുരിതാശ്വാസ ക്യാന്പിലുള്ളവർ.