കൊച്ചി: കേരളത്തിലെ കായികമേഖലയെ ഉയർന്ന നിലവാരത്തിലേക്കെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് ഇന്നലെ അന്തരിച്ച ഡോ. ടോണി ഡാനിയേൽ. കായികരംഗത്തെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ടോണി ഡാനിയൽ നൽകിയ സംഭാവനകൾ വളരെ വലുതാണ്.
കേരള അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറിയായി എട്ടു വർഷം പ്രവർത്തിച്ചിട്ടുള്ള ടോണി ഡാനിയേൽ നിലവിൽ അസോസിയേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു.
അത്ലറ്റിക്സിലെ സാങ്കേതിക കാര്യങ്ങളുടെ ഉപദേഷ്ടാവ് എന്ന നിലയിലായിരുന്നു ടോണിയുടെ പ്രവർത്തനമികവ്. ഇദ്ദേഹം മുൻകൈയെടുത്താണ് കേരള അത്ലറ്റിക് അസോസിയേഷന് വെബ്സൈറ്റ് ഉണ്ടാക്കിയത്.
കേരളത്തിലെ കായികതാരങ്ങളുടെ ഡാറ്റാ ബാങ്ക്, താരങ്ങൾക്ക് ഐഡന്റിറ്റി കാർഡ് എന്നിവ ഏർപ്പെടുത്താനും മുൻകൈയെടുത്തു. സംസ്ഥാന താരങ്ങളെ ദേശീയ, അന്തർദേശീയ മികവിലേക്ക് ഉയർത്തുന്നതിനും അക്ഷീണം പ്രവർത്തിച്ചു.
കേരളത്തിലെ സ്റ്റേഡിയങ്ങൾ മെച്ചപ്പെടുത്തുന്നതിനും സിന്തറ്റിക് ട്രാക്കുകൾ ഒരുക്കുന്നതിനും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി രാജ്യത്തു നടന്ന സുപ്രധാന കായിക മീറ്റുകളിലെ സജീവ സാന്നിധ്യമായിരുന്ന ടോണി, രാജ്യംകണ്ട മികച്ച കായികസംഘാടകരിൽ ഒരാളാണ്.
ഏഷ്യാഡും കോമണ്‍വെൽത്ത് ഗെയിംസും സംഘടിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നു. ചൈന, മലേഷ്യ, സിംഗപ്പുർ എന്നിവിടങ്ങളിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസുകളുടെ സംഘാടകസമിതിയിലുണ്ടായിരുന്നു.
സ്കൂൾ മീറ്റുകൾ കൃത്യമായി നടത്തി മികച്ച നിലവാരത്തലേക്കെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. രാജ്യത്ത് നടന്ന എല്ലാ മീറ്റുകളിലും പങ്കെടുത്ത് ടെക്നിക്കൽ ഔഫീഷ്യൽസിനുവേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. അഖിലേന്ത്യാ അത്ലറ്റിക് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറിയും ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായിരുന്ന അദ്ദേഹം കായിക മേഖലയിലെ അനവധി സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു.
ഇന്ത്യൻ ഒളിന്പിക് അസോസിയേഷനിലും കേരള സ്പോർട്സ് കൗണ്‍സിലിലും അംഗമായിരുന്നു. ഇന്ത്യയിലെ രണ്ട് രാജ്യാന്തര അത്ലറ്റിക് ടെക്നിക്കൽ ഒഫീഷ്യൽസിൽ ഒരാൾ ടോണി ഡാനിയേൽ ആയിരുന്നു.
ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷനിലെ ടെക്നിക്കൽ ഒഫീഷ്യൽസിന് ക്ലാസെടുക്കാറുണ്ടായിരുന്നു. ചെറുപ്പത്തിൽതന്നെ കായികമികവ് പ്രകടിപ്പിച്ച ടോണി ഡാനിയേൽ ദേശീയതലത്തിൽ ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി തവണ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
100 മീറ്റർ ഓട്ടമായിരുന്നു മുഖ്യഇനം. സർവകലാശാലാ തലത്തിൽ 100 മീറ്ററിൽ അദ്ദേഹം സ്ഥാപിച്ച സംസ്ഥാന റിക്കാർഡ് ഭേദിക്കാൻ പത്ത് വർഷത്തിലധികം വേണ്ടിവന്നു. ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി ആലുവ സെന്റ് സേവ്യേഴ്സ് കോളജിലെ കായിക വിഭാഗം അധ്യാപകനായി ഔദ്യോഗിക ജീവിത ആരംഭിച്ച അദ്ദേഹം കായിക വിഭാഗം തലവനായാണു വിരമിച്ചത്. ഇതിനിടയിൽതന്നെ ദേശീയതലത്തിൽ സജീവമായി.