പെരുമ്പാവൂർ: ഗുണ്ടാ നിയമപ്രകാരം പോലീസ് റിപ്പോർട്ട് നൽകിയ പ്രതി കർണാടകയിലെ കുപ്പിലങ്ങാടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ മരിച്ച നിലയിൽ. വെങ്ങോല വലിയകുളം ചായാട്ട് വീട്ടിൽ സോമൻ-ഉഷ ദമ്പതികളുടെ മകൻ ഉണ്ണിക്കുട്ടൻ (35) ആണ് ഇന്നലെ വെട്ടേറ്റു മരിച്ചതായി പെരുമ്പാവൂർ പോലീസിന് വിവരം ലഭിച്ചത്.
നിരവധി ഗുണ്ടാകേസിലെ പ്രതിയായ ഉണ്ണികുട്ടനെതിരേ കാപ്പ ചുമത്തുന്നതിനായി പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രണ്ടാം തിയതി പെരുമ്പാവൂരിൽനിന്നും ഏതാനും സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ കർണാടകയിലേക്കു പോയതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
ഇവരെ ചുറ്റിപ്പറ്റി പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കർണാടകയിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കേ കൊലപാതകത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പോലീസ് പറഞ്ഞു. ഭാര്യ: പ്രിയ, മക്കൾ: ശിവപ്രിയ, വിഷ്ണുപ്രിയ.