വാഴക്കുളം: യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ സഹോദരൻ പിടിയിൽ. കൊട്ടളത്തിൽ സോമന്റെ മകൻ ഉണ്ണി (31) കുത്തേറ്റുമരിച്ച സംഭവത്തിൽ സഹോദരൻ അജേഷ് (35) ആണ് പിടിയിലായത്. ഇന്നലെ രാത്രി 7.45 ഓടെ കദളിക്കാട് നെടുമല ഭാഗത്തായിരുന്നു സംഭവം. സംഭവശേഷം ഒളിവിൽ പോയ അജേഷിനെ രാത്രി പതിനൊന്നോടെ തൊടുപുഴയിൽ വച്ച് തന്ത്രപരമായി പിടികൂടുകയായിരുന്നു.
പെയിന്റിംഗ് തൊഴിലാളിയായ ഉണ്ണി ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അജേഷുമായി വാക്കുതർക്കമുണ്ടാകുകയായി രുന്നു. പ്ലംബിംഗ് തൊഴിലാളിയായ അജേഷ് ഇന്നലെ ജോലിക്കു പോയിരുന്നില്ല. മദ്യലഹരിയിലായിരുന്ന അജേഷ് വാക്കുതർക്കത്തിനിടയിൽ വീട്ടിൽനിന്ന് കത്രിക എടുത്ത് ഉണ്ണിയെ കുത്തുകയായിരുന്നുവെന്നു പറയുന്നു. ഇവരുടെ മാതാപിതാക്കളും അജേഷിന്റെ ഭാര്യയും പുറത്തു പോയിരുന്ന സമയത്തായിരുന്നു സംഭവം.
കഴുത്തിനും ദേഹത്തും കുത്തേറ്റു വീണ ഉണ്ണിയെ പുറത്തുപോയിരുന്നവർ വന്ന ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. വഴിയിൽ വച്ചുതന്നെ ഉണ്ണിയുടെ മരണം സംഭവിച്ചു. ഉണ്ണിയുടെ മൃതദേഹം പോസ്റ്റുമോർട്ടനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. ഉണ്ണി അവിവാഹിതനാണ്.