വഡോദര: വിവാഹിതയായ മകളുടെ കുടുംബപ്രശ്നത്തില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 45കാരിയായ അനിത ദേവസിയാണ് മരിച്ചത്.
രാജസ്ഥാനിലെ പാലി സ്വദേശിയെയാണ് ഇവരുടെ മകള്‍ വിവാഹം ചെയ്തത്. എന്നാല്‍ മാതാപിതാക്കളുടെ അടുക്കല്‍ മടങ്ങിയെത്തിയ യുവതി ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ വിസമ്മതിച്ചു. മടങ്ങിപ്പോകാനും കൂട്ടാക്കിയിരുന്നില്ല.
പെൺകുട്ടിയെ തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടുകാരും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മകളെ അനുനയിപ്പിച്ച് പറഞ്ഞയക്കാന്‍ അനിതയും ഭര്‍ത്താവും ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
ഇതെ തുടര്‍ന്ന് അനിതയും ഭര്‍ത്താവും ദീര്‍ഘനാളുകളായി മാനസിക സംഘര്‍ഷത്തിലായിരുന്നു. കഴിഞ്ഞ ദിവസം മകളുടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഫോണ്‍ വന്നതിനു ശേഷം അനിതയുടെ ഭര്‍ത്താവിന് അപസ്മാരം വന്നിരുന്നു.
തുടര്‍ന്നാണ് അനിത വീടിന്റെ ടെറസില്‍ നിന്നും ചാടി ജീവനൊടുക്കിയത്. സംഭവ സമയം എല്ലാവരും ഉറങ്ങുകയായിരുന്നു. ഇവരെ ഭര്‍ത്താവ് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.