വാകത്താനം: വീടിന്റെ ജനാലച്ചില്ല് നെഞ്ചിലേക്കു തുളച്ചുകയറി വീട്ടമ്മ മരിച്ചു. വാകത്താനം താഴത്തെവീട്ടിൽ സുരേഷിന്റെ ഭാര്യ ഷീമ (34) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ പൊട്ടിക്കിടന്ന ജനാലച്ചില്ല് നിലത്തുനിന്നും തൂത്തുവാരാൻ ശ്രമിക്കുന്പോൾ ജനാലയിൽ ബാക്കിനിന്ന ചില്ല് വീട്ടമ്മയുടെ നെഞ്ചിലേക്കു പതിക്കുകയായിരുന്നു.
ഇന്നലെ രാത്രി 7.30-നാണ് അപകടം. നെഞ്ചിലേറ്റ മുറിവിൽനിന്നും രക്തം വാർന്നൊഴുകി ഗുരുതരമായി പരിക്കേറ്റ ഷീമയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാകത്താനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ, എസ്ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണു മേൽനടപടികൾ സ്വീകരിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും.ഒരുവർഷം മുന്പാണ് ഇവർ പുതിയ വീടുവച്ചു കയറിത്താമസിച്ചത്. വീടു പണിത മേസ്തിരി ഇന്നലെ വീട്ടിലെത്തി തർക്കമുണ്ടാക്കുകയും ജനാലച്ചില്ല ഇടിച്ചുതകർക്കുകയും ചെയ്തു. ഇയാൾ തകർത്ത ചില്ലാണ് ഷീമയുടെ നെഞ്ചിലേക്കു തുളച്ചുകയറിയതെന്നു വാകത്താനം പോലീസ് പറഞ്ഞു. മക്കൾ: സൂരജ്, സൂര്യ, സനീഷ്.