വടകര: അമിത വേഗത ചോദ്യം ചെയ്തതിനു ടൂറിസ്റ്റ് വാൻ ഡ്രൈവറും സംഘവും ക്രൂരമായി മർദിച്ച് അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോറോട് പെരുമന ക്ഷേത്രത്തിനു സമീപം കൂടത്തിൽ സി.കെ.വിനോദ് (47) മരിച്ചു. വെന്റിലേറ്ററിലായിരുന്ന വിനോദൻ ഇന്നു രാവിലെ ആറേകാലിനാണ് അന്ത്യശ്വാസം വലിച്ചത്.
വർഷങ്ങളായി ചോറോട് താമസിക്കുന്ന മടപ്പള്ളി ആശാരിക്കോട്ട ചാത്തങ്കണ്ടി വിനോദൻ മാഹിയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അക്രമത്തിന് ഇരയായത്. സുഹൃത്തിനോടൊപ്പം മാഹി ഗവ. ആശുപത്രിക്ക് സമീപം ദേശീയപാതയിലൂടെ നടന്നുപോകുന്പോൾ ടൂറിസ്റ്റ് വാൻ ഡ്രൈവറും സംഘവും ആക്രമിക്കുകയായിരുന്നു. വാൻ അമിത വേഗതയിലായിരുന്നതിനാൽ ഇതേചൊല്ലി വാക്ക് തർക്കമുണ്ടായി.
ഇതിന്റെ പേരിൽ ഡ്രൈവർ ഉൾപ്പെടെയുള്ളവർ വിനോദനെയും സുഹൃത്തിനെയും സാരമായി മർദിക്കുകയായിരുന്നു. വിനോദ് റോഡിൽ തലയിടിച്ച് വീണു. സാരമായി പരിക്കേറ്റ വിനോദിനെ മാഹി ആശുപത്രിയിലും പിന്നീട് തലശേരി ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അക്രമത്തിൽ സുഹൃത്തിനും പരിക്കേറ്റു.
ഡോക്ടർമാർ ഏറെ പരിശ്രമിച്ചെങ്കിലും വിനോദിന്റെ ജീവൻ രക്ഷിക്കാനായില്ല. മടപ്പള്ളി ആശാരിക്കോട്ട പരേതരായ ചന്തുവിന്റെയും പാറുവിന്റെയും മകനായ വിനോദ് ദീർഘകാലം ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം നിർമാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: പ്രബിത. സഹോദരങ്ങൾ: അശോകൻ, മനോജൻ, ശോഭ, ശൈല.