നെയ്യാറ്റിൻകര: നെയ്യാറിൽ മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് നെയ്യാറ്റിൻകര പോലീസ് അറിയിച്ചു. കായംകളം തൃക്കുന്നപ്പുഴ ആറാട്ടുപുഴയിൽ വലിയഴീക്കൽപറന്പിൽ ധർമ്മരാജിന്റെയും ബിന്ദുവിന്റെയും മകൻ വിനോജ് (20) ആണ് ഇന്നലെ മാന്പഴക്കരയ്ക്കു സമീപം നെയ്യാറിലെ കടവിൽ മരണമടഞ്ഞത്.
ഹരിപ്പാട് ജി- ടെക് കോളേജിൽ കംപ്യൂട്ടർ സോഫ്റ്റ് വെയർ വിദ്യാർഥിയായിരുന്നു വിനോജ്. സുഹൃത്ത് സ്കൂട്ടർ മെക്കാനിക്കായ സുജിത്തുമൊരുമിച്ച് പെരുങ്കടവിളയ്ക്ക് സമീപം തേരണിയിൽ വന്നതാണ് വിനോജും അനുജൻ ധനോജും. കായംകുളം സ്വദേശിയായ സുജിത്തിന്റെ ഭാര്യാഗൃഹം തേരണിയിലാണ്. ഗർഭിണിയായ തന്റെ ഭാര്യ മഞ്ജുവിനെ സന്ദർശിച്ച ശേഷം സുജിത്ത് കൂട്ടുകാരെയും കൂട്ടി നെയ്യാറിലെ കടവിൽ കുളിക്കാൻ പോയി.
ഇവരോടൊപ്പം അരുണ്‍, ജെസിൻ എന്നീ സുഹൃത്തുക്കളുമുണ്ടായിരുന്നു. മാന്പഴക്കര കടവിലിറങ്ങിയ ധനോജ് ഒഴുക്കിൽ മുങ്ങിത്താഴുന്നത് കണ്ടാണ് വിനോജ് നദിയിലേയ്ക്ക് ചാടിയത്. അനുജനെ സാഹസികമായി കരയിലെ പാറപ്പുറത്ത് വലിച്ചു കയറ്റിയെങ്കിലും വിനോജ് വെള്ളത്തിൽ താഴ്ന്നു. വിനോജിനെ കരയ്ക്കെത്തിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.