കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ തോട്ടംതൊഴിലാളി മരിച്ചു. വയനാട് മേപ്പാടി എളമ്പിലേരിയില്‍ ഇന്നു രാവിലെയാണ് സംഭവം. ഏലത്തോട്ടം തൊഴിലാളി ചോലമല കുഞ്ഞവറാനാണ് (58) മരിച്ചത്.
രാവിലെ ഏഴരയോടെ പണിക്കു പോകുമ്പോള്‍ എളമ്പിലേരി ട്രാന്‍സ്ഫോര്‍മറിനു സമീപമായിരുന്നു കാട്ടാന ആക്രമണം. കുഞ്ഞവറാന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇദ്ദേഹം തോട്ടത്തില്‍ എത്താത്തിനെത്തുടര്ന്നു മറ്റു തൊഴിലാളികള്‍ അന്വേഷിച്ചപ്പോഴാണ് ദാരുണരംഗം കണ്ടത്.
കുഞ്ഞവറാനെ ആക്രമിച്ചശേഷം കുറച്ചകലെ നിലയുറപ്പിച്ച ആനയെ വനം ജീവനക്കാരെത്തിയാണ് തുരത്തിയത്. മേപ്പാടി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
എളമ്പിലേരിയില്‍ രണ്ടു ദിവസമായി കാട്ടാന സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.