സോഷ്യൽ മീഡിയയിൽ ലൈക്ക് കിട്ടാനായി എന്ത് സാഹസികതയും കാണിക്കാൻ ചിലർ തയാറാണ്. അതിൽ കുറച്ച് പേർ ഭാഗ്യം കൊണ്ട് അഭ്യാസപ്രകടനങ്ങൾ അപകടം കൂടാതെ ചെയ്ത് വിജയിക്കാറുണ്ട്. എന്നാൽ മറ്റ് ചിലർക്ക് ജീവൻ തന്നെ നഷ്ടമാകുകയും ചെയ്യും.
ഇത്തരത്തിൽ ഉത്തർപ്രദേശിലെ ബാന്ദ്ര ജില്ലയിൽ യുവാവ് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്യുന്നതിനിടെ സ്ലാബ് വീണ് മരിച്ച സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
സ്ലാബിന് ഇടയിൽ കാലുകൾ തൂക്കിയിട്ട് സ്കൂളിൻ്റെ ടെറസിൽ തലകീഴായി തൂങ്ങി വ്യായാമം ചെയ്യുകയായിരുന്ന ശിവം എന്ന 21കാരനാണ് മരിച്ചത്. ശിവം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് മൊബൈൽ ഫോണിൽ റീൽ പകർത്തുകയായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു.
ഒരു സിനിമയിലെ ഒരു ഡയലോഗ് പശ്ചാത്തലത്തിൽ പ്ലേ ചെയ്യുമ്പോൾ ശിവം രണ്ട് ഇഷ്ടികകൾ എടുത്ത്, ഓരോ കൈയിലും ഒന്ന് പിടിച്ച് വ്യായാമം ചെയ്യുകയായിരുന്നു. മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ് പകർത്തിയ വീഡിയോയാണിതെന്നാണ് സൂചന.