വെസ്റ്റ്ഹിൽസ് (ലൊസാഞ്ചലസ്) · മാതൃദിനത്തിൽ കലിഫോർണിയയിലെ ലൊസാഞ്ചലസ് വെസ്റ്റ്ഹിൽസ് ഹോമിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് എഞ്ചല ഡോണ്‍ ഫ്ലോറസ് (38), 16 വയസുകാരൻ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി ലൊസാഞ്ചലസ് പോലീസ് അറിയിച്ചു.
ഫ്ലോറസിന് ആറു ദശലക്ഷം ഡോളറാണ് ജാമ്യത്തുക കെട്ടിവയ്ക്കണം.
16 വയസുകാരന്റെ സഹായത്തോടെയാണ് മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയതെന്ന ഫ്ലോറസിന്റെ കുറ്റസമ്മതത്തെ തുടർന്നാണ് ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തത്.
16കാരനെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും സമീപവാസികൾ പറയുന്നത് ഇത് അവരുടെ മകനാണെന്നാണ്.
പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയും എട്ടുവയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുടേയും മൃതദേഹമാണ് പോലീസ് വീട്ടിനകത്ത് കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ലഭിച്ച ഫോണ്‍കോളിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
വെസ്റ്റ്ഹിൽസും വുഡ്-ലാന്റ് ഹിൽസും തമ്മിൽ വേർതിരിക്കുന്ന നോർത്ത് സൈഡ് സ്ട്രീറ്റിലുള്ള വീട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
കുട്ടികൾ എങ്ങനെ കൊല്ലപ്പെട്ടുവെന്നത് അയൽവാസികളെപ്പോലും വേദനിപ്പിക്കുന്നു.
രാവിലെ ഉറക്കമുണർന്നപ്പോൾ കണ്ടത് തന്റെ മൂന്നു സഹോദരങ്ങൾ മരിച്ചുകിടക്കുന്നതാണെന്നും, ഉടനെ അയൽവാസികളെ അറിയിക്കാൻ 16കാരൻ വന്നിരുന്നുവെന്നും ഇവർ പറയുന്നു.
പക്ഷേ, പോലീസ് ഇതിന് വ്യക്തമായ വിശദീകരണമൊന്നും നൽകിയിട്ടില്ല. മാതാവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നോ എന്നും സമീപവാസികൾ സംശയിക്കുന്നു.