ആലപ്പുഴ: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ ഗുരുമന്ദിരം വാർഡിൽ വട്ടത്തിൽ ഏംഗൽസിനെ (23) സൗത്ത് സിഐ എസ്. സനലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു.
തിരുവോണ ദിവസമാണ് ആലപ്പുഴ വാടയ്ക്കൽ അരയശേരിയിൽ പരേതനായ അരുളപ്പന്റെ മകൾ മെറീന (അഞ്ജു- 23) വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ് മുറിക്കുള്ളിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസ് എടുത്തിട്ടുള്ളതെങ്കിലും ആത്മഹത്യാക്കു റുപ്പിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിനാണ് ഏംഗൽസിനെതിരേ കേസ് എടുത്തത്.
കാമുകന്റെ മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമെന്നുള്ള പരാതി യുവതിയുടെ ബന്ധുക്കളും പോലീസിന് നൽകിയിരുന്നു. വിദ്യാർഥിയായിരുന്നപ്പോഴാണ് അഞ്ജു സഹപാഠിയുമായി പ്രണയത്തിലായത്.
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ കാമുകൻ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്ന വിവരം അറിഞ്ഞതോടെ അഞ്ജു മാനസികമായി തകർന്നു.
മരിക്കുന്നതിനു മുന്നോടിയായി കാമുകന്റെ സഹോദരിക്ക് അഞ്ജു ഫോൺ സന്ദേശം അയച്ചിരുന്നു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.