പത്തനംതിട്ട: യുവതി വീടിനുള്ളില്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.
പത്തനാപുരം മാങ്കോട് ശ്രീനിലയത്തില്‍ അജീഷ് കൃഷ്ണ (40)യാണ് അറസ്റ്റിലായത്. ഭാര്യ വിനീത (34) യുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അജീഷിനെ കൂടല്‍ ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാര്‍ അറസ്റ്റ് ചെയ്തത്.
ആ സന്ദേശങ്ങൾ
കഴിഞ്ഞ ജൂലൈ 30നു രാവിലെ പത്തരയോടെയാണ് വീടിന്റെ ഒന്നാംനിലയിലെ മുറിയില്‍ വിനീത തൂങ്ങിമരിച്ചത്. ശരീരത്തില്‍ ആത്മഹത്യ കുറിപ്പ് ഒളിപ്പിച്ചാണ് യുവതി ജീവനൊടുക്കിയത്.
തൂങ്ങിനിന്ന വിനീതയെ അഴിച്ചിറക്കിയപ്പോള്‍ ആത്മഹത്യകുറിപ്പ് കണ്ട ഭര്‍ത്താവ് അജീഷ് ഇത് മാറ്റിയിരുന്നു. ആത്മഹത്യയെന്ന നിലയില്‍ പോലീസ് കേസെടുത്തു.
പിന്നീട് യുവതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂട്ടുകാരിക്ക് അയച്ച സന്ദേശങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
വഴിവിട്ട ബന്ധങ്ങൾ
ഇതേത്തുടര്‍ന്ന് പോലീസ് കൂട്ടുകാരിയുടെ മൊഴിയെടുത്തു. ആത്മഹത്യയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തിയ പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അജീഷിന്റെ വഴിവിട്ട ബന്ധങ്ങള്‍, കഞ്ചാവ് കേസുകൾ ഇവ കാരണം വിനീത ഏറെ മാനസിക വിഷമം അനുഭവിച്ചിരുന്നതായി പോലീസ്കണ്ടെത്തി.
മരിക്കുന്നതിനു മുമ്പ് തയാറാക്കിയ ആത്മഹത്യാകുറിപ്പും വോയ്സ് ക്ലിപ്പുകളും ഫോണില്‍ നിന്നു കണ്ടെടുത്തു. കൂട്ടുകാരിക്ക് അയച്ച ഈ സന്ദേശങ്ങള്‍ വളരെ വൈകിയാണ് അവര്‍ കണ്ടത്.
ഫോണില്‍ ഭര്‍ത്തൃമാതാവിന്റെ നമ്പര്‍ നല്‍കിയിരുന്നെങ്കിലും വിളിച്ച് വിവരം പറഞ്ഞപ്പോഴേക്കും വിനീത തൂങ്ങിയിരുന്നു.
വീട്ടിലുണ്ടായിരുന്ന അജീഷ് മുറിയിലെത്തി അഴിച്ചിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിമാൻഡിൽ
പന്ത്രണ്ടും എട്ടും വയസു വീതമുള്ള രണ്ട് കുട്ടികള്‍ ഇവര്‍ക്കുണ്ട്. കോടതിയില്‍ ഹാജരാക്കിയ അജീഷ് റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു.