അടൂർ: ഒപ്പമിരുന്നു മദ്യപിച്ചയാൾ കുഴഞ്ഞുവീണു മരിച്ചപ്പോൾ കൂടെയുണ്ടായിരുന്നയാൾ കാണിച്ച അതിബുദ്ധി പോലീസിനു തലവേദനയായി.
സിനിമാക്കഥ പോലെയുള്ള സംഭവങ്ങളാണ് ഏനാത്ത് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ചുരുളഴിഞ്ഞത്.
ഏനാത്ത് വേമ്പനാട്ട് മുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്തു വീടിന്റെ പിന്നിലുള്ള പ്രകാശിന്റെ പുരയിടത്തില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടരയോടെ മൃതദേഹം കണ്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം.
മുല്ലശേരില്‍ മണിയന് എന്നയാള്‍ വിവരം പഞ്ചായത്തംഗം രാധാകൃഷ്ണനെ അറിയിക്കുകയായിരുന്നു. അതോടെ ഏനാത്ത് പോലീസ് സ്ഥലത്തെത്തി.
അഴുകിയ നിലയിൽ
മൃതശരീരം തിരിച്ചറിയാനാകാത്ത വിധം അഴുകി പുഴുവരിച്ച നിലയിലായിരുന്നു. കാവികൈലി മാത്രമാണ് വേഷം. അജികുമാര്‍ ഒറ്റയ്ക്കായിരുന്നു താമസം.
മൃതദേഹം കണ്ടതിനു പിന്നാലെ അജികുമാറിനെ കാണാതായതോടെ ദുരൂഹതയായി. ഇതിനിടെ, പോസ്റ്റുമോര്‍ട്ടത്തിൽ മരണ കാരണം ഹൃദയാഘാതമാണെന്നു കണ്ടെത്തി.
ഇതോടെ അജികുമാര്‍ ഏനാത്ത് സ്റ്റേഷനില്‍ ഹാജരായി. മരിച്ചത് മലങ്കാവ് സ്വദേശി മോനച്ചനാണെന്നും വെളിപ്പെടുത്തി. മോനച്ചന് അജിയുടെ വീട്ടില്‍ എത്താറുണ്ട്.
അവിവാഹിതനാണ് ഇയാൾ. അങ്ങനെ ഇരുവരും ചേർന്നു മദ്യപിച്ചു. ഇതിനിടെ, വെള്ളം ആവശ്യപ്പെട്ട മോനച്ചൻ അതു കുടിച്ചശേഷം കുഴഞ്ഞുവീണു.
മദ്യപിച്ചു ബോധം പോയതാണെന്നു കരുതി അജി പായ വിരിച്ച് ഇയാളെ അതില്‍ കിടത്തി. പിന്നീട് പുറത്തു പോയി വന്നപ്പോള്‍ മോനച്ചന്റെ ശരീരം തണുത്തുതുടങ്ങിയിരുന്നു.
ഇതോടെ മോനച്ചന് മരിച്ചതായി മനസിലാക്കിയ അജി ഭയന്നുപോയി. തുടര്‍ന്നു മൃതദേഹം വീടിനു പിന്നിലെ പറമ്പിലെ തെങ്ങിന് കുഴിയില്‍ തള്ളി.
കുറച്ച് മണ്ണും വാരി മുകളിലിട്ടു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ചാണകവും കലക്കിയൊഴിച്ചു. എന്നാൽ, മൃതദേഹം പോലീസ് കണ്ടെടുത്തതോടെ ഭയന്നു സ്ഥലംവിടുകയായിരുന്നു.
ഇതിനിടെ, മോനച്ചനാണ് മരിച്ചതെന്ന് അജി പറഞ്ഞെങ്കിലും മൃതദേഹം മോനച്ചന്റേതല്ലെന്നു ബന്ധുക്കൾ നിലപാടെടുത്തു.
തര്‍ക്കം വന്നതോടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. ഇനി ഡിഎന്‍എ പരിശോധന വഴി മരിച്ചതാരെന്നു സ്ഥിരീകരിക്കും.