കാഞ്ഞിരപ്പള്ളി: പാലായിലെ സ്വകാര്യ ആശുപത്രിയിൽ, ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു.
യുവതിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്നാണു യുവതിയുടെ വീട്ടുകാരുടെ ആവശ്യം.
കാഞ്ഞിരപ്പള്ളി ആനക്കല്ല് തൈപ്പറന്പിൽ മഹിമ മാത്യു (31) ആണ് പാലായിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച മരണമടഞ്ഞത്.
മരണകാരണം തലയിലുണ്ടായ രക്തസ്രാവത്തിനൊപ്പം കോവിഡ് പ്രതിരോധ മരുന്നു സ്വീകരിച്ചതിന്റെ പാർശ്വഫലമാകാനും സാധ്യതയുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡെത്ത് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ആറിനാണ് യുവതി വാക്സിൻ സ്വീകരിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് ഫലം വന്നിരുന്നു.
തലവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് 13ന് സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി.
പിന്നീട് ഞായറാഴ്ച കടുത്ത തലവേദനയുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഡ്മിറ്റ് ചെയ്യുകയായിരുന്നു.
പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റുകയും രണ്ടു ദിവസം കഴിഞ്ഞ് മസ്തിഷ്ക ആഘാതം സംഭവിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചതായി യുവതിയുടെ പിതാവ് പറഞ്ഞു.
പിന്നീട് വെള്ളിയാഴ്ച രാത്രി ഒന്പതോടെ മരണം സ്ഥിരീകരിച്ചു. പിതാവ് മാത്തുക്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോസ്റ്റുമാർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും ലഭിച്ചാൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്നും പോലീസ് പറഞ്ഞു.