കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു പേരെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
മങ്ങാട് അറുന്നൂറ്റിമംഗലം റോസ് നഗർ -25 എ-യിൽ നിന്നും ടികെഎംസിയിൽ ചപ്പേത്തടം ഭാഗത്ത് എംഇഎസ് സ്കൂളിന് സമീപം ലത്തീഫയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഫൈസി സൽമാൻ ഫൈസി സുപ്പാ (21) , കരിക്കോട് ടികെഎസിയിൽ പുത്തൻവിള കിഴക്കതിൽ വീട്ടിൽ ഫ്രാൻസിസ് ഫ്രാങ്കോ (23) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ കഴിഞ്ഞ കുറെ നാളുകളായി ഫോണിലൂടെയും നേരിട്ടും പെണ്‍കുട്ടിയെ പിൻതുടർന്ന് ശല്യം ചെയ്ത് വരികയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി ഇവർ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്യുകയും വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറുകയും ചെയ്തു.
തുടർന്ന് പെണ്‍കുട്ടി മാതാവിനോട് വിവരം പറയുകയും മാതാവിന്റെ പരാതിയിൽ കിളികൊല്ലൂർ പോലീസ് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
പെണ്‍കുട്ടി കഴിഞ്ഞ ശനിയാഴ്ച വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിക്കുന്നതിന് ശ്രമിക്കുകയും വീട്ടുകാർ കണ്ടതിനെത്തുടർന്ന് പാലത്തറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരണപ്പെടുകയുമാണുണ്ടായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ പ്രേരണ മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുവാൻ ഇടയായതെന്ന് വെളിവായതിനെത്തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ വിനോദ് സബ് ഇൻസ്പെക്ടർമാരായ അനീഷ് എ. പി, സ്വാതി വി, സന്തോഷ് വി, അൻസർ ഖാൻ, എഎസ്ഐ സന്തോഷ്, സിപിഒമാരായ സാജ്, അനീഷ,് ശിവകുമാർ എന്നിവർ അടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.