മറയൂർ: മൂന്നാർ തേയിലത്തോട്ടം മേഖലയിൽ മേയുന്ന പശുക്കൾ കൂട്ടത്തോടെ ചത്തുവീഴുന്നു. മൂന്നാർ പഞ്ചായത്തിലെ വുഡ്ബ്രയർ ഗ്രൂപ്പിന്റെ കീഴിലുള്ള പാന്പൻമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ പശുക്കളാണ് ചത്തത്.
രാവിലെ മേയാൻ വിടുന്ന പശുക്കൾ പെട്ടെന്ന് കൈകാലുകൾ കുടഞ്ഞ് നിലത്തുവീണ് അല്പസമയത്തിനൂള്ളിൽ ചാകുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തോട്ടം തൊഴിലാളികളായ അഞ്ചുപേരുടെ ആറു പശുക്കളാണ് ചത്തത്.
പശുക്കൾ ചത്തുവീഴുന്ന വിവരം തോട്ടം തൊഴിലാളികൾ അറിയച്ചതിനേതുടർന്ന് മൂന്നാർ വെറ്ററിനറി സർജൻ ഡോ. ആർ. രാമസാമി സ്ഥലത്തെത്തി പശുക്കളുടെ പോസ്റ്റ്മോർട്ടം നടത്തി. കാൽസ്യത്തിന്റെ കുറവുമൂലമുണ്ടാകുന്ന മിൽക് ഫീവർ എന്ന അസുഖത്തെതുടർന്നാണ് ഇത്തരത്തിൽ ചാകുന്നതിന് കാരണമെന്ന് ഡോക്ടർ പറഞ്ഞു. സമീപത്ത് ഇത്തരത്തിൽ കാൽസ്യം കുറവുള്ള പശുക്കൾക്ക് പ്രതിരോധത്തിനായി കാൽസ്യം മരുന്നുകൾ നൽകിയതായും അദ്ദേഹം അറിയിച്ചു.