പത്തനംതിട്ട: മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പട്ടൂർ വള്ളിക്കോട് വട്ടമുരുപ്പേൽ നാരായണന്റെ മകൻ ശങ്കരനെ (50) വെട്ടി കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ തറയിൽ വീട്ടിൽ പ്രകാശനെ (54) പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
ഇടത്തിട്ട തറയിൽ ജോർജിന്റെ വീട്ടിലെ അടുക്കളയോടു ചേർന്നുള്ള ചായ്പിലാണ് ശങ്കരന്റെ മൃതദേഹം കണ്ടത്. ശങ്കരനും പ്രകാശും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ മദ്യപിച്ചശേഷം ഇടത്തിട്ടയിലെ വീടിന്റെ സമീപത്തുവച്ച് ബഹളമുണ്ടായി.
പ്രതിയെ അസഭ്യം പറഞ്ഞതിന്റെ പ്രതികാരമെന്ന നിലയിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംശയം തോന്നി പ്രകാശിനെ അന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അടൂർ ഡിവൈഎസ്പി ആർ. ജോസ്, എസ്ഐ ആർ. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.