തളിപ്പറമ്പ്: തളിപ്പറമ്പ് സലാമത്ത് നഗറിൽ ക്വാട്ടേഴ്സിനുള്ളിൽ യുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
മരണം തലയ്ക്കേറ്റ ക്ഷതം മൂലമുണ്ടായ രക്തം കട്ട പിടിച്ചതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സലാമത്ത് നഗറിലെ ക്വാട്ടേഴ്സിൽ താമസിക്കുന്ന ഇസ്ഹാഖ് (33) ആണ് മരിച്ചത്. മരണത്തിലാണ് ദുരൂഹത യുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഈ മാസ് 10 നാണ് ഇസ്ഹാഖിനെ വഴിയിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. മദ്യപാന ശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്.
തുടർന്ന് യുവാവിനെ വീട്ടിലെത്തിക്കുകയും പിറ്റേന്ന് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോൾ മരിച്ചതായി കാണപ്പെടുകയുമായിരുന്നു.
യുവാവ് ഹൃദയാഘാതം മൂലം മരിച്ചതായാണെന്നാണ് ബന്ധുക്കൾ കരുതിയത്. പോസ്റ്റ് മോർട്ട ത്തിലാണ് യുവാവിന്റെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്.
യുവാവ് മരിക്കുന്നതിന് മണിക്കുറുകൾക്ക് മുമ്പ് കണ്ണൂരിൽ വച്ച് ഒരാളുമായി സംഘർഷമുണ്ടായിരുന്നെന്നും സംഘർഷത്തിൽ യുവാവിന് മർദ്ദനം ഏറ്റിരുന്നതായും സൂചനയുണ്ട്.
ബന്ധുക്കൾ ഇക്കാര്യം പോലീസിൽ അറിയിച്ചതായാണ് വിവരം.