കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു.
ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം.
കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളില്‍ കയറിയത്. പെട്രോൾ ഒഴിച്ച് കിടപ്പുമുറിയിൽ തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം.
വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികൾ ബഹളം വച്ച് നാട്ടുകാർ ഓടികൂടിയതോടെ ഇയാൾ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രത്നേഷ് ഇലക്ട്രീഷ്യനാണ്. രത്നേഷിന് പെൺകുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.