സീമ മോഹന്‍ലാല്‍
2020 സെപ്റ്റംബര്‍ 13. അങ്കമാലി പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു അജ്ഞാത മൃതദേഹം കാണപ്പെട്ടു. ലോക്ക്ഡൗണ്‍ മൂലം അടഞ്ഞുകിടന്ന ഹോട്ടലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അങ്കമാലി ജംഗ്ഷനിലുള്ള ആ ഹോട്ടലില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഉടമയെത്തി ഹോട്ടല്‍ തുറന്നു നോക്കിയപ്പോഴാണ് ഒരാള്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്.
മൃതദേഹത്തിന് നാലു ദിവസമെങ്കിലും പഴക്കമുണ്ടാകും. നന്നായി അഴുകി പുഴുവരിച്ച നിലയിലായിരുന്നു. ഹോട്ടലിന്റെ പിന്നിലെ വാതിലും ഗ്രില്ലും തകര്‍ത്തിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ത്തന്നെ മോഷണശ്രമം നടന്നതായി മനസിലാകും.
ഹോട്ടലുടമ പോലീസിനെ വിവരം അറിയിച്ചു. ഉടന്‍ അങ്കമാലി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
മൃതദേഹം കണ്ടെത്തിയ സമയത്ത് വിരലടയാള വിദഗ്ദ്ധന്റെയോ സയന്റിഫിക് അസിസ്റ്റന്റിന്റെയോ സേവനം തേടിയിരുന്നില്ല. മൃതദേഹം തിരിച്ചറിയാം എന്ന ധാരണയിലായിരുന്നു പോലീസ്.
മൃതദേഹം കണ്ടെത്തിയിട്ട് ഒരു ദിവസം പിന്നിട്ടെങ്കിലും മരിച്ചയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അങ്കമാലി പോലീസ് വിരലടയാള വിദഗ്ദ്ധരുടെ സഹായം തേടിയത്.
വീണുകിടന്ന തെളിവ്
പോലീസ് അറിയിച്ച പ്രകാരം എറണാകുളം റൂറല്‍ ഫിംഗര്‍പ്രിന്റ് ബ്യൂറോയിലെ വിരലടയാള വിദഗ്ദ്ധന് ഇ.എച്ച്. അപ്പുക്കുട്ടന് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരുന്നതിനാല്‍ അദേഹത്തിന് അതു കാണാന്‍ സാധിച്ചില്ല.
മോഷണ ശ്രമമായതിനാല്‍ മോഷണം നടന്ന ഭാഗത്തുനിന്ന് ഏതെങ്കിലും വിരലടയാളം കിട്ടിയാല്‍ ആ വഴി മരിച്ചയാളെ കണ്ടെത്താമെന്ന് അദേഹം കരുതി.
എന്നാല്‍ അവിടെനിന്ന് പുഴുവരിച്ച കറുത്ത നിറത്തിലുള്ള അല്പം ശരീരസ്രവം(Body Fluid) മാത്രമാണ് ലഭിച്ചത്. ഗ്രില്ല് തകര്‍ത്തയുടന്‍ ഷോക്കേറ്റതിനാല്‍ അവിടെനിന്നുള്ള വിരലടയാളത്തിനും സാധ്യതയില്ലായിരുന്നു. മോഷ്ടാവിന് അകത്തു കടക്കാന്‍ കഴിഞ്ഞിരുന്നില്ല.
എങ്ങനെ തുമ്പുണ്ടാക്കുമെന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് ശരീരസ്രവത്തി ല്‍ ത്വക്കിന്റെ ചെറിയൊരുഭാഗം അടര്‍ന്നു കിടക്കുന്നത് വിരലടയാള വിദഗ്ദ്ധന് അപ്പുക്കുട്ടന് കണ്ടത്.
ഒരുപക്ഷേ, അത് പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെടില്ലാത്ത രീതിയിലായിരുന്നു. ഏകദേശം 50 ഗ്രാമില്‍ താഴെയായിരുന്നു ആ ത്വക്കിന്റെ ഭാഗം. അത് കൂടുതലായി അഴുകിയിട്ടില്ലായിരുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞ് മൃതദേഹത്തില്‍ നിന്ന് അഴുകിപ്പോയതായിരുന്നു ആ ഭാഗം.
(തുടരും)