മല്ലപ്പള്ളി: കല്ലൂപ്പാറ എന്‍ജിനിയറിംഗ് കോളജിനു സമീപം കെട്ടിടം പണിക്ക് വന്ന മാര്‍ത്താണ്ഡം തക്കല സ്വദേശി സ്റ്റീഫന്‍ (34) അടിയേറ്റു മരിച്ചു.
കെട്ടിട നിര്‍മാണ കരാറുകാരന് മാര്‍ത്താണ്ഡം സ്വദേശി സുരേഷ്, സഹായി ആല്ബിന് ജോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ രാത്രിയാണ് സംഭവം.പുലര്‍ച്ചെ 1.30ഓടെ സ്റ്റീഫനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു.
സ്റ്റീഫന്‍ നേരത്തെ ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള പണം വാങ്ങാന്‍ പുതിയ കരാറുകാരന് ഡേവിഡ്, സുനില്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രി 8.30നു പഴയ താമസ സ്ഥലമായ കല്ലൂപ്പാറ ചെറുമത പള്ളിക്ക് സമീപം എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
കമ്പിവടികൊണ്ട് അടിയേറ്റു
സംഘര്‍ഷത്തിനിടെ കമ്പി വടികൊണ്ട് സ്റ്റീഫന്‍ അടിയേറ്റതായി പറയുന്നു. സംഭവത്തേ തുടര്‍ന്ന് ഡേവിഡും സുനിലും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന്റെ മുമ്പിലെത്തി.
ചോദ്യം ചെയ്തപ്പോള്‍ സംഘര്‍ഷത്തെ പറ്റി അറിഞ്ഞു. കീഴ് വായ്പൂര് പോലീസ് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലം കണ്ടെത്തിയത്.
സ്റ്റീഫനെ രക്തം വാര്‍ന്ന നിലയില്‍ 1.30ന് പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുരേഷിനെയും ആല്‍ബിനെയും പോലീസ് കസ്റ്റഡിയിലുമെടുത്തു.
തർക്കം
ഒരാഴ്ച മുമ്പുവരെ സുരേഷിനൊപ്പമായിരുന്നു സ്റ്റീഫന്‍ ജോലിചെയ്തിരുന്നത്. ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള പണം സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പരിക്കേറ്റ നിലയിലാണ് ആല്‍ബിനെയും സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട സ്റ്റീഫനും സുരേഷും ആല്‍ബിനും ബന്ധുക്കളും അയല്‍വാസികളുമാണെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന് റാവുത്തര്‍ എന്നിവര്‍ സ്ഥലത്തെത്തി.
കോടതിയിൽ ഹാജരാക്കും
കീഴ്വായ്പൂര് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, എസ്ഐമാരായ ബി.എസ്. ആദര്ശ്്, സുരേന്ദ്രന്, സിപിഒ മാരായ മനോജ്, ഷെഫീഖ്,സജി എന്നിവരുടെ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.