വൈക്കം: വേന്പനാട്ടു കായലിൽ തണ്ണീർമുക്കം ബണ്ടിനു സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് വേന്പനാട്ടു കായലിൽ തണ്ണീർമുക്കം ബണ്ടിലെ അംബികാ മാർക്കറ്റ് ഭാഗത്ത് കണ്ടെത്തിയത്.
ചുവപ്പ്, വെള്ള, ബ്രൗണ്‍ കളറോടുകൂടിയ ചെക്കിന്റെ ഷർട്ടും കറുപ്പ് നിറമുള്ള ജീൻസുമാണ് വേഷം. ഇന്നലെ വൈകുന്നേരം 3.30ന് ബണ്ടിനു സമീപത്ത് ചൂണ്ട ഇടാൻ എത്തിയവരാണ് മൃതദേഹം കണ്ടത്.
വിവരമറിഞ്ഞ് ആലപ്പുഴ മുഹമ്മയിൽനിന്ന് ഏതാനും പേർ എത്തിയെങ്കിലും അവരുമായി ബന്ധപ്പെട്ടയാളുടെ മൃതദേഹമല്ലെന്ന് തിരിച്ചറിഞ്ഞ് മടങ്ങി. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലിസ് പറഞ്ഞു.
തണ്ണിർമുക്കം ബണ്ടിന്റെ പരിസരത്ത് ദൂരസ്ഥലങ്ങളിൽ നിന്നെത്തി ചൂണ്ടയിടുന്നത് നിരവധി പേരാണ്. ചൂണ്ടയിടാൻ എത്തിയവരാരെങ്കിലും അപകടപ്പെട്ടതാണോയെന്നും പോലിസ് അന്വേഷിച്ചുവരികയാണ്.
മൂന്നു ദിവസം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു ബന്ധപ്പെട്ടവരാരും എത്തിയില്ലെങ്കിൽ കോവിഡ് ടെസ്റ്റു നടത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് മൃതദേഹം മറവു ചെയ്യുമെന്ന് വൈക്കം പോലീസ് അറിയിച്ചു.