ജന്മദിന ആഘോഷത്തിനായി നോര്‍ത്ത് ലണ്ടനിലെ ഫ്രൈന്റ് കണ്ട്രി പാര്‍ക്കില്‍ എത്തിയതായിരുന്നു ബിബ ഹെൻറി (49), നിക്കോള്‍ സ്മാള്‍മാന്‍ (27) എന്നീ സഹോദരിമാർ.
പിറ്റേന്ന് ആ വാർത്ത കേട്ടു നാടു നടുങ്ങി. 2020 ജൂണ്‍ ആറിനു പാര്ക്കിന് അടുത്തുള്ള കുറ്റിക്കാട്ടില്‍ മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തി. വലിയ വാർത്താ പ്രാധ്യാനം നേടിയ സംഭവം പോലീസ് ഊർജിതമായി അന്വേഷിച്ചു.
ഒടുവിൽ പോലീസ് എത്തിയത് ഒരു പത്തൊമ്പതുകാരന്റെ കിടപ്പു മുറിയിലേക്കാണ്. അവിടെ രക്തംകൊണ്ട് ഒപ്പിട്ട പിശാചിനുള്ള ഒരു (ലവ് നോട്ട് )കുറിപ്പ് കണ്ടെത്തി.
അതില്‍ ആ കേസിനുള്ള തുന്പുണ്ടായിരുന്നു. പിശാചിനെ സന്തോഷിപ്പിക്കാൻ രണ്ടു സഹോദരിമാരെ പാർക്കിൽ കൊലപ്പെടുത്തിയെന്നതു സംബന്ധിച്ചായിരുന്നു സൂചന.
രക്തത്താല്‍ ഒപ്പിട്ടത്
19കാരനായ ഡാനിയല്‍ ഹുസൈന്റെ രക്തത്താല്‍ ഒപ്പിട്ടതായി ആരോപിക്കപ്പെടുന്ന കുറിപ്പ് പോലീസ് പിടിച്ചെടുത്തു.
321 മില്യണ്‍ പൗണ്ടിന്റെ ഓള്‍ഡ് ബെയ്ലി മെഗാ മില്യണ്‍ സൂപ്പര്‍ ജാക്ക്പോട്ട് നേടിയതിനു പകരമായി സ്ത്രീകളെ ബലിയര്പ്പിക്കുമെന്നായിരുന്നു പോലീസുകാര്‍ കണ്ടെത്തിയ കുറിപ്പിലുള്ളത്. അതിന് അടുത്തായി മൂന്നു ലോട്ടറി ടിക്കറ്റുകളും ഉണ്ടായിരുന്നു..
കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ് ഹുസൈന് ലോട്ടോഗോ ഡോട്ട് കോമില് ഒരു ഓണ്‍ലൈന്‍ അക്കൗണ്ട് ആരംഭിച്ചത്.ഡീപ് ലി ഇന്‍ ലവ് എന്നായിരുന്നു അക്കൗണ്ടിന്റെ പേര്.
കൊലപാതകത്തിന്റെ പിറ്റേന്ന്, കഴിഞ്ഞ ജൂണ്‍ ഏഴിന് അഞ്ച് മെഗാ മില്യണ്‍ പന്തയങ്ങളും ഒരു മെഗാ മില്യണ്‍ സിന്‍ഡിക്കേറ്റ് പന്തയവും വാങ്ങാനായി 17.50 പൗണ്ട് ഉപയോഗിച്ചിരുന്നുവെന്ന് ഇയാളുടെ ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളിലും, കൂടുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാനായിരുന്നു ഹുസൈന് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നത്.
കുറിപ്പുകൾ വീണ്ടും
കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് ഹുസൈന് അറസ്റ്റിലായതിനെത്തുടര്‍ന്നു പോലീസ് അവന്റെ കിടപ്പുമുറിയില്‍നിന്ന് ഏതാനും കുറിപ്പുകള്‍ കൂടി കണ്ടെത്തിയിരുന്നു.
ഒരു സ്ത്രീയെ ‘പ്രണയത്തിലാക്കാനായി രക്തം ഉപയോഗിച്ചായിരുന്നു ആ കുറിപ്പുകളും തയാറാക്കിയിരുന്നത്. ഇയാൾ സാത്താൻ പൂജയുടെ അടിമയായിരുന്നു എന്നു സൂചിപ്പിക്കുന്നതായിരുന്നു കുറിപ്പുകൾ ഏറെയും.
അന്വേഷണ മികവ്
പ്രതിയെ കണ്ടെത്തിയ രീതി ശാസ്ത്രീയമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ സൈമണ്‍ ഹാര്‍ഡിംഗ് സംഭവസ്ഥലത്ത് ഇരകളുടേതല്ലാത്ത രക്തത്തിന്റെ അംശം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചു.
ഒരു ഡാറ്റാ ബേസിലും ഇല്ലാത്ത അജ്ഞാതൻ എന്നു ലേബല്‍ ചെയ്തിട്ടുള്ള പുരുഷ ഡിഎന്‍എയാണ് കണ്ടെത്തിയത്.
അങ്ങനെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് ഡാറ്റാബേസ് ഉപയോഗിച്ച് ഒരു കുടുംബ ഡിഎന്‍എ ലിങ്ക് നിര്‍മിച്ചു.കൗമാരക്കാരനായ ഡാനിയല്‍ ഹുസൈന് ഇതേ കുടുംബത്തിലെ അംഗമാണെന്നും പിതാവ് പാര്‍ക്കിനടുത്താണ് താമസിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. രണ്ട് ദിവസം മുമ്പ് അസ്ഡയില്നിന്നു ഇയാൾ കത്തി വാങ്ങിയെന്നും കണ്ടെത്തി.
കൊലപാതകം നടന്ന സ്ഥലത്തുനിന്നു പുലര്‍ച്ചെ നാലോടെ ഒരു പുരുഷന് മടങ്ങിവരുന്നതായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഹാര്‍ഡിംഗ് പറഞ്ഞു:
‘ഇതു ശരിക്കും വേഗത്തിലായിരുന്നു. ഒന്നര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ക്ക് എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ കഴിഞ്ഞു.
ജൂലൈ ഒന്നിനു തെക്ക് കിഴക്കന്‍ ലണ്ടനിലെ അമ്മയുടെ വീട്ടില്‍നിന്നാണ് ഡാനിയല്‍ ഹുസൈനെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍, ഹുസൈന് ഈ കൊലപാതകങ്ങളൊക്കെ സമ്മതിക്കാൻ തയാറായിട്ടില്ല.