സ്വന്തം ലേഖകന്‍
കോഴിക്കോട്: വടകര കോടിക്കല്‍ കടപ്പുറത്തുനിന്ന് പോലീസിനു കിട്ടിയ മൃതദേഹം ആരുടേത്?
മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന നിഗമനത്തില്‍ പോലീസ് വിട്ടുകൊടുത്ത മൃതദേഹം സംബന്ധിച്ച് സംശയം ജനിച്ചതിനെത്തുടര്‍ന്ന് പോലീസ് ഡിഎന്‍എ പരിശോധനക്കയച്ചു.
സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പേരാമ്പ്ര ആവടുക്ക പന്തിരിക്കര കോയിക്കുന്നുമ്മല് ഇര്‍ഷാദിന്റേതാണോ ഇതെന്ന സംശയം ജനിച്ചതിനെത്തുടര്‍ന്നാണ് തിരക്കിട്ട് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചത്.
കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍നിന്ന് ഫലം വരുന്ന മുറയ്ക്കു മാത്രമേ ഇത് ദീപിക്കിന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.
കഴിഞ്ഞ മാസം15-നാണ് കോടിക്കല്‍ കടപ്പുറത്തുനിന്ന് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കിട്ടിയത്. തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ഇത് അഴുകിയിരുന്നു.
മേപ്പയുര്‍ സ്വദേശി ദീപക്കിനെയും ഈ കാലയളവില്‍ കാണാനില്ലായിരുന്നു. മൃതദേഹം ദീപക്കിന്റേതാണെന്ന നിഗമനത്തില്‍ പോലീസ് വിട്ടുകൊടുക്കുകയായിരുന്നു. അവര്‍ കൊണ്ടുപോയി സംസ്കരിക്കുകയൂം ചെയ്തു.
സ്ഥിരീകരണമില്ലാത്തിനാല് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചിരുന്നു.
അതിനിടയിലാണ് ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയത്. മേയ് 13ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഇര്‍ഷാദിനെ ജൂലായ് ആറിന് വൈത്തരിയിലെ ഭാര്യാവീട്ടിലേക്കു പോയ ശേഷം കണ്ടിട്ടില്ല.
പിന്നീടാണ് ദുബായില്‍ നിന്നു കൊണ്ടുവന്ന 60 ലക്ഷത്തിന്റെ സ്വര്‍ണം തിരികെ തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണി വീട്ടുകാര്‍ക്ക് ലഭിച്ചത്. വിവരം പുറത്തുപറയരുതെന്നും വിലക്കിയിരുന്നു.
വീട്ടുകാര്‍ ഭയം കാരണം വളരെ വൈകിയാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്.
മൃതദേഹത്തിന്റെ പ്രായം കണക്കിലെടുത്താണ് ഇത് ഇര്‍ഷാദിന്റേതാണോ എന്ന സംശയം പോലീസിന് ഉണ്ടായത്.
ഇര്‍ഷാദിനെ കാണാതായ കേസ് അന്വേഷിക്കുന്ന പെരുവണ്ണാമൂഴി പോലീസ് വടകര കോസ്റ്റല്‍ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്.
ഇര്‍ഷാദിനെ കാണാതായ സമയപരിധിയും അജ്ഞാത മൃതദേഹം കണ്ടെത്തിയ സമയപരിധിയും കണക്കിലെടുക്കുമ്പോള്‍ ഉള്ള താരതമ്യമാണ് പോലീസിനെ ഈ വഴിക്കു ചിന്തിപ്പിച്ചത്.
മാത്രമല്ല ദീപക്കിന്റേതാണെന്ന് കരുതി വിട്ടുകൊടുത്ത മൃതദേഹം സംബന്ധിച്ച് ഏറ്റുവാങ്ങിയ വീട്ടുകാരും സംശയം ജനിപ്പിച്ചതായാണ് വിവരം.
ഇതെല്ലാം കണക്കിലെടുത്താണ് കണ്ണൂർ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്.
കാണാതായി ഒരു മാസം പിന്നിട്ടിട്ടും ഇര്‍ഷാദിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പിണറായി സ്വദേശി മര്ഷാദില് നിന്നു കാര്യമായ വിവരമൊന്നും പോലീസിനു കിട്ടിയിട്ടില്ല.
തട്ടിക്കൊണ്ടുപോകല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടുപേരെകൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തിട്ടുണ്ട്. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.