പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായിരുന്ന അടൂര്‍ നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ (29) ദുരൂഹമരണം പോലീസ് – സിപിഎം അവിഹിത ബന്ധം മൂലമെന്ന് മാതാപിതാക്കള്‍.
അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യഇടപാടുകള്‍ അറിയാമായിരുന്ന ജോയലിനെ നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കള്ളക്കേസില്കുടുക്കി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.
പോലീസ് മര്‍ദനത്തില്‍ ശാരീരികക്ഷതമുണ്ടായ ജോയല്‍ മാസങ്ങളോളം ചികിത്സയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മേയ് 22ന് മരിച്ചു. എന്നാല്‍ ഇക്കാലയളവില്‍ യാതൊരു സഹായമോ പിന്തുണയോ സിപിഎമ്മില്‍ നിന്നു ജോയലിനോ കുടുംബത്തിനോ ലഭിച്ചില്ല.
അടൂരിലെ പാര്‍ട്ടി നേതാക്കള്‍ ജോയലിനെ തള്ളുകയും കൊലപാതകക്കേസിലെ പ്രതിയെന്ന് പ്രചാരണം നടത്തുകയും ചെയ്തതായി പിതാവ് ജോയിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ജനുവരി ഒന്നിനു വെകുന്നേരം അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനില്‍ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങള്‍ തമ്മില്‍ ഉരസിയിരുന്നു. ഇത് പോലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പിലെത്തിച്ച് ഇരുവരെയും പോകാന്‍ അനുവദിച്ചതാണ്.
എന്നാല്‍ ഈ സമയം ആരുടേയോ ഫോണ്‍ വഴിയുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജോയല്‍ സ്റ്റേഷനില്‍ നില്ക്കാന് സിഐ ആവശ്യപ്പെട്ടു. സ്റ്റേഷനിലേക്ക് കയറിവന്ന സിഐ യു. ബിജു വിവരം തിരക്കുകപോലും ചെയ്യാതെ പിതാവിന്റെയും പിതൃസഹോദരിയുടെയും സഹോദരന്റെ മുമ്പിലിട്ട് ജോയലിനെ ക്രൂരമായി മര്‍ദിച്ചു.
തടയാന്‍ ശ്രമിച്ച പിതാവിനെയും പിതൃസഹോദരിയെയും പോലീസ് മര്‍ദിച്ചു. പോലീസ് സ്റ്റേഷന് സെല്ലിലടച്ച ജോയലിനെ പിന്നീട് ജാമ്യത്തിലിറക്കുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവി കാമറയില്‍ ഇതെല്ലാം വ്യക്തമാണെന്ന് ജോയലിന്റെ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി.
സംഭവത്തേ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാകാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. ക്ഷതമേറ്റ തങ്ങള്‍ക്കും ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചുവെന്ന് ജോയിക്കുട്ടിയും പിതൃസഹോദരി കുഞ്ഞമ്മയും പറഞ്ഞു.
ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഒപ്പം കൂട്ടിയിരുന്നയാളാണ് ജോയല്‍. എന്നാല്‍ പോലീസ് മര്‍ദിച്ചതായി പറഞ്ഞപ്പോള്‍ ഇദ്ദേഹം ഗൗനിച്ചില്ല. അടൂരിലെ നേതാക്കളുടെ പ്രളയതട്ടിപ്പ് ഉള്‍പ്പെടെ പല അഴിമതികളും ജോയലിന് അറിയാമായിരുന്നു.
ഇതെല്ലാം പുറത്തു വിടുമെന്ന ഭയം ഇവരെ അലട്ടിയിരുന്നതായി ജോയല്‍ സുഹൃത്തുക്കളോടു സൂചിപ്പിച്ചിരുന്നു. നേതാക്കള്‍ ജോയലിനെ പലേപ്പാഴും ഭീഷണിപ്പെടുത്തുമായിരുന്നു. നേതാക്കളുടെ പല കാര്യങ്ങള്‍ക്കും ജോയലിനെ ഉപയോഗിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
സംഭവ ദിവസം രാവിലെ മന്ത്രി എ. സി. മൊയ്തീന്റെ പേഴ്സണല്‍ സ്്റ്റാഫില്പെട്ട ഒരാള്‍ വീട്ടില്‍ എത്തി ജോയലിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു . ഇതിനു ശേഷമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
മരണത്തേ തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതേവരെയും നല്‍കിയിട്ടില്ല.
സിപിഎം നേതാക്കളാരും തങ്ങളെ ഇപ്പോള്‍ സഹായിക്കാനില്ലെന്നും മാതാപിതാക്കളും ബന്ധുക്കളും പറഞ്ഞു. ഇതിനിടെ ജോയലിനെ മര്‍ദിച്ച സിഐ യു. ബിജു തനിക്ക് അബദ്ധം പറ്റിയതാണെന്നും പരാതി നല്‍കരുതെന്നും പറഞ്ഞിരുന്നു.
ഇക്കാര്യങ്ങളെല്ലാം കാട്ടി മുഖ്യമന്ത്രി, ഡിജിപി, പോലീസ് കംപ്ലയന്റ് അഥോറിറ്റി, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.