തൃപ്പൂണിത്തുറ: യുവതി ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ കാമുകന് അറസ്റ്റിൽ.
തൃപ്പൂണിത്തുറ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം, ഇടുക്കി രാജകുമാരി കൊച്ചിക്കാട്ടിൽ ചെല്ലപ്പന്റെയും പുഷ്പയുടെയും മകൾ വിദ്യ(21) മരിച്ച സംഭവത്തിലാണ് കാമുകന് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വിഷ്ണു(23) വിനെ ഹില്‍പാലസ് പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം15 നായിരുന്നു കേസിനാസ്പദമായ സംഭവം. തൃപ്പൂണിത്തുറ റെയില്‍വേ മേൽപ്പാലത്തിനു സമീപം രാത്രി 12.30 യോടെയാണ് ട്രെയിനിടിച്ച് മരിച്ച നിലയില്‍ യുവതിയെയും, പരിക്കേറ്റ നിലയിൽ വിഷ്ണുവിനെയും കണ്ടത്.
തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കാക്കനാട് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കു നില്‍ക്കുകയായിരുന്ന യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവദിവസം രാത്രി പത്തോടെ ചാത്താരിയിലുള്ള അപ്പാര്‍ട്ടുമെന്റില്‍ യുവതിക്ക് മദ്യം നല്കിയ ശേഷം ക്രൂരമായി മര്‍ദിച്ചിരുന്നതായും അതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും പോലീസ് പറഞ്ഞു.
മദ്യപിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അക്രമം നടത്തിയതിന് പ്രതിക്കെതിരേ നിലവില്‍ കേസുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.