മുംബൈ: ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്പോൾ വ്യാപാരികൾ ഈടാക്കുന്ന നിരക്ക് (എംഡിആർ-മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) കുറച്ചു. റിസർവ് ബാങ്ക് ഇന്നലെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ജനുവരി ഒന്നിനു പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
വ്യാപാരികളെ രണ്ടു വിഭാഗമായി തിരിച്ചാണ് നിരക്ക് പ്രഖ്യാപിച്ചത്. തലേ ധനകാര്യവർഷത്തെ വിറ്റുവരവനുസരിച്ചാണു വിഭജനം. 20 ലക്ഷത്തിൽ താഴെ വിറ്റുവരവുള്ളവർ ചെറുകിടക്കാർ, അതിൽ കൂടുതലുള്ളവർ എന്നിങ്ങനെയാണു തരംതിരിവ്. പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീൻ ഉപയോഗിച്ച് കാർഡ് സ്വൈപ് ചെയ്യുന്നവർക്കും സ്മാർട്ട് ഫോൺ ഉപയോഗിച്ചു (ക്യുആർ കോഡ് അധിഷ്ഠിതം) പണം കൈമാറുന്നവർക്കും വ്യത്യസ്ത നിരക്കുകളാണ്.
നിരക്ക്
ചെറുകിട വ്യാപാരികൾ: പിഒഎസ് വഴി വ്യാപാരത്തുകയുടെ 0.40 ശതമാനം (ഒരിടപാടിനു പരമാവധി 200 രൂപ). സ്മാർട്ട്ഫോൺ വഴി 0.30 ശതമാനം (പരമാവധി 200 രൂപ).
മറ്റു വ്യാപാരികൾ: പിഒഎസ് വഴി 0.90 ശതമാനം (പരമാവധി 1000 രൂപ). സ്മാർട്ട്ഫോൺ വഴി 0.80 ശതമാനം (പരമാവധി 1000 രൂപ).