ബംഗളൂരു: ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ പങ്കാളി ഉപയോഗിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, അത് പാടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എസ്ബിഐയുടെ ഈ നിർദേശം ശരിയെന്ന് കോടതിയും.
ബാങ്കിംഗ് നിയമത്തിൽ എടിഎം കാർഡ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ലെന്നും അക്കൗണ്ട് ഉടമയ്ക്കു മാത്രമേ കൈകാര്യം ചെയ്യാൻ അർഹതയുള്ളൂവെന്നും എസ്ബിഐ പറയുന്നു. പ്രസവത്തെത്തുടർന്ന് വിശ്രമിക്കുന്നവരാണെങ്കിലും ഇത് ബാധകമാണെന്നാണ് എസ്ബിഐ നിലപാട്.
2013ൽ നടന്ന ഒരു സംഭവത്തിന്റെ പേരിലാണ് എസ്ബിഐയുടെ പ്രഖ്യാപനം. 2013 നവംബർ 14ന് കർണാടകയിലെ മറാത്തഹള്ളി സ്വദേശിനിയായ യുവതി തന്റെ എടിഎമ്മിന്റെ പിൻ നന്പർ ഭർത്താവിന് നല്കി. സമീപത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 25,000 രൂപ പിൻവലിക്കുന്നതിനുവേണ്ടിയായിരുന്നു ഈ കൈമാറ്റം.
യുവതിയുടെ ഭർത്താവ് എടിഎമ്മിലെത്തി കാർഡ് സ്വൈപ് ചെയ്ത് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും തുക ലഭിച്ചില്ല. പക്ഷേ, പണം പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി ബാങ്കിൽനിന്ന് സന്ദേശം വരികയും ചെയ്തു. എടിഎമ്മിലുണ്ടായ പിഴവിനെത്തുടർന്നാണ് തുക പുറത്തേക്കു വരാത്തത്.
ഇതേത്തുടർന്ന് യുവതി 2014 ഒക്ടോബർ 21ന് ഉപഭോക്തൃ കോടതിയെ സമീപിച്ചു. പിൻവലിക്കാത്ത തുക പിൻവലിച്ചെന്നു കാണിച്ച എസ്ബിഐ തുക റീഫണ്ട് ചെയ്തു നല്കിയില്ലെന്നായിരുന്നു യുവതിയുടെ പരാതി. താൻ പ്രസവത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നുവെന്നും ഇതേത്തുടർന്നാണ് ഭർത്താവ് എടിഎമ്മിൽ പോയതെന്നുമാണ് യുവതിയുടെ വിശദീകരണം.
തുക പുറത്തേക്കു വരാത്തതിനെത്തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ട ഭർത്താവിനോട് മെഷീന്റെ പിഴവാണെന്നും 24 മണിക്കൂറിനുള്ളിൽ റീഫണ്ട് ചെയ്തു നല്കുമെന്നുമായിരുന്നു അധികൃതർ പറഞ്ഞത്. എന്നാൽ, തുക ലഭിച്ചില്ല. ദന്പതികളുടെ കേസ് എസ്ബിഐ അവസാനിപ്പിക്കുകയും ചെയ്തു. ഇടപാട് വിജയകരമായിരുന്നുവെന്നും ദന്പതികൾക്ക് തുക ലഭിച്ചെന്നും റിപ്പോർട്ട് ചെയ്തായിരുന്നു കേസ് അവസാനിപ്പിച്ചത്.
ഉപഭോക്തൃ കോടതിയെ സമീപിക്കുന്നതിനു മുന്പ് ബാങ്ക് ഓംബുഡ്സ്മാനെയും ദന്പതികൾ സമീപിച്ചിരുന്നു. എന്നാൽ, പിൻ പങ്കുവച്ചു, കേസ് ക്ലോസ് ചെയ്തു എന്നായിരുന്നു മറുപടി.
ഇതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് ദന്പതികൾ വാദിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാർഡ് സ്വൈപ് ചെയ്തശേഷം തുക പുറത്തേക്ക് വന്നില്ല എന്നത് തെളിഞ്ഞു. എന്നാൽ, കാർഡ് ഉടമയായ ഭാര്യ എടിഎം കൗണ്ടറിൽ ഇല്ല എന്ന് എസ്ബിഐ ചൂണ്ടിക്കാട്ടി.
വിവരാവകാശനിയമപ്രകാരം വന്ദന നല്കിയ അപേക്ഷയിൽ 2013 നവംബർ 16ന് 25,000 രൂപ അധികമായി എടിഎമ്മിലുണ്ടായിരുന്നെന്ന വിവരം ലഭിച്ചു. ഇത് എസ്ബിഐയുടെ വാദങ്ങളെ തളർത്തുന്നതായിരുന്നു.
എന്നാൽ, ഭർത്താവിന് പിൻ നന്പർ നല്കുന്നതിനു പകരം ചെക്ക് എഴുതിയോ പ്രത്യേക അനുമതി പത്രം എഴുതിനല്കിയോ വേണമായിരുന്നു യുവതി പണം പിൻവലിക്കേണ്ടിയിരുന്നതെന്ന് കഴിഞ്ഞ മാസം 29ന് കോടതി വിധിച്ച് ഉപഭോക്തൃകോടതിയും ഈ കേസ് തള്ളി. “”പിൻ നന്പർ ആർക്കും കൈമാറാൻ പാടില്ല.”