തിരുവനന്തപുരം: ഡിസംബർ ഒന്നിന് കേരള സർക്കാർ പൊതു അവധി പ്രഖ്യാപിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്ത. ഡിസംബർ ഒന്നിനു പൊതു അവധി പ്രഖ്യാപിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നബിദിനം പ്രമാണിച്ച് ഒന്നാം തിയതി സർക്കാർ അവധി പ്രഖ്യാപിച്ചതെന്നായിരുന്നു വ്യാജ വാർത്തകളിൽ പറഞ്ഞിരുന്നത്. അന്നേ ദിവസം എംജി സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിയതായും പ്രചരണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഏറെ സംശയങ്ങൾ ഉയർന്നപ്പോഴാണു സർക്കാർ വിശദീകരണവുമായി രംഗത്തെത്തുന്നത്.