കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനുമേല്‍ ജലബോംബ് പോലെ നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു മാറ്റാന്‍ ക്യാമ്പെയ്നുമായി നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരന്‍.
#DecommissionMullaperiyaarDam എന്ന ഹാഷ് ടാഗില്‍ ആണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ തന്റെ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. നാല്പതുലക്ഷം ജീവനുകള്‍ക്ക് വേണ്ടിയെന്ന കാപ്ഷന്‍ അടങ്ങിയ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെ തന്നെയായാലും 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തത് ആണെന്ന് പൃഥ്വിരാജ് പറഞ്ഞു.
പൃഥിയുടെ വാക്കുകള്‍ ഇങ്ങനെ…’വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെയായാലും ഇനി എന്തൊക്കെ ആണെങ്കിലും, 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ ന്യായീകരണമില്ല.
രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സയമമാണ് ഇത്. നമുക്ക് നമ്മുടെ ഭരണകൂടത്തെ വിശ്വസിക്കാനേ കഴിയൂ. ശരിയായ തീരുമാനം കൈക്കൊള്ളാന്‍ നമ്മുടെ ഭരണകൂടത്തിന് കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം’ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. #DecommissionMullaperiyaarDam എന്ന ഹാഷ് ടാഗും കുറിപ്പിന് ഒപ്പമുണ്ട്.
അതേസമയം നിരവധിപേരാണ് #DecommissionMullaperiyaarDam എന്ന ഹാഷ് ടാഗില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.