സമസ്തിപുർ: മകന്റെ മൃതദേഹം സർക്കാർ ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാൻ പണം തേടി തെരുവിലിറങ്ങി വൃദ്ധ ദമ്പതികൾ. ബീഹാറിലെ സമസ്തിപുരിലാണ് ഏറെ ദയനീയ സംഭവം നടന്നത്.
മകന്റെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി ജീവനക്കാരൻ ദമ്പതികളോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പണം കൈവശമില്ലാതിരുന്നതോടെ ദമ്പതികൾ പണം തേടി തെരുവിലിറങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദിവസങ്ങൾക്ക് മുൻപാണ് ഇവരുടെ മകനെ കാണാതായത്. പിന്നീട് മകന്റെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് സമസ്തിപുരിലെ സദർ ഹോസ്പിറ്റലിൽ നിന്ന് ഇവർക്ക് ഫോൺകോൾ ലഭിച്ചു.
തുടർന്ന് ഇവർ ആശുപത്രിയിൽ എത്തിയപ്പോഴാണ് മൃതദേഹം വിട്ടു നൽകണമെങ്കിൽ 50,000 രൂപ നൽകണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടത്.
തങ്ങൾ പാവപ്പെട്ടവരാണെന്നും ഇത്രയധികം പണം കൈവശമില്ലെന്നും മരിച്ചയാളുടെ പിതാവ് മഹേഷ് താക്കൂർ പറഞ്ഞു.
ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരിൽ ഭൂരിഭാഗവും കരാർ ജീവനക്കാരാണ്. പലപ്പോഴും ശമ്പളം അവർക്ക് കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
പലപ്പോഴും രോഗികളുടെ ബന്ധുക്കളിൽ നിന്ന് ജീവനക്കാർ പണം വാങ്ങാറുണ്ട്.സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഉത്തരവാദികളെന്ന് കണ്ടെത്തിയവരെ വെറുതെ വിടില്ല. ഇത് മനുഷ്യത്വത്തിന് നാണക്കേടാണെന്ന് സമസ്തിപൂർ സിവിൽ സർജൻ ഡോ. എസ്.കെ ചൗധരി പറഞ്ഞു.