നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മൃതദേഹവുമെടുത്തു നൃത്തം ചെയ്യുന്ന ആചാരത്തെക്കുറിച്ചു സിനിമയിൽ കണ്ടെങ്കിലും എല്ലാവർക്കും അറിയാമല്ലോ.
എന്നാൽ, മരിച്ചുപോയ പൂർവികരുടെ ശരീരാവശിഷ്ടങ്ങൾ വർഷങ്ങൾക്കു ശേഷം കല്ലറയിൽ നിന്നെടുത്ത് അതുമായി നൃത്തം ചെയ്യുന്ന ആചാരത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ?
മഡഗാസ്കറിലാണ് ഫമേദിഹാന എന്ന വിചിത്രമായ ആചാരം നിലവിലുള്ളത്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഇവരുടെ വിശ്വാസം.
മഡഗാസ്കറിലെ ഗോത്രവർഗക്കാരായ മെറീന വിഭാഗത്തിലാണ് ഈ ആചാരം നിലനിൽക്കുന്നത്. ഇവിടുത്തെ വിശ്വാസപ്രകാരം മരിച്ചവരും ദൈവങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഭൂമിയിൽ നടക്കുന്ന എല്ലാ സംഭവങ്ങളിലും അവർക്കു പങ്കാളികളാകാൻ സാധിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
കുടുംബസംഗമം ഫമേദിഹാന
ഏഴോ എട്ടോ വർഷം കൂടുന്പോഴാണ് ഫമേദിഹാന ആഘോഷിക്കുന്നത്. അക്കാലത്തോളം മരിച്ച പൂർവികരെയെല്ലാം കല്ലറകളിൽനിന്നു പുറത്തെടുക്കുന്നതോടെ ആഘോഷങ്ങൾക്കു തുടക്കമാകും. ദ്രവിച്ചു തുടങ്ങിയ വസ്ത്രങ്ങൾ വളരെ ശ്രദ്ധയോടെ മാറ്റിയ ശേഷം മൃതദേഹങ്ങളെ പുതിയ പട്ടു വസ്ത്രങ്ങൾ അണിയിക്കും.
പുത്തൻ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണു നൃത്തത്തിലേക്കും മറ്റു കലാപരിപാടികളിലേക്കും കടക്കുന്നത്. ആഘോഷങ്ങൾക്കു വീര്യം കൂട്ടാൻ മദ്യസത്കാരങ്ങളും നടക്കും. സൂര്യാസ്തമനത്തിനു മുൻപു തന്നെ ശരീരങ്ങൾ ശ്രദ്ധയോടെ ശവപ്പെട്ടിയിലാക്കി വീണ്ടും കല്ലറ അടയ്ക്കും.
അടുത്ത ഫമേദിഹാന വരെ ഈ കല്ലറകൾ അടഞ്ഞുകിടക്കും. “ഞങ്ങളുടെ വിശ്വാസപ്രകാരം ഒരാൾ മരിച്ചാൽ ഉടൻ പുനർജനിക്കില്ല. അയാൾ പൂർണമായി മണ്ണിൽ ലയിച്ചു ചേർന്ന ശേഷം മാത്രമാണ് പുനർജന്മം എന്നു ഞങ്ങൾ വിശ്വസിക്കുന്നു’ – ഇവിടുത്തെ നരവംശശാസ്ത്രജ്ഞ ഡോ. മിയോറ മാംഫിയോനോനാ പറയുന്നു.
മൃതദേഹവുമായി നൃത്തം
മരിച്ചവരെ വീണ്ടു കാണുന്നത് മെറീന വർഗക്കാർക്കു വലിയ സന്തോഷമുള്ള കാര്യമാണെന്നു ചരിത്രഗവേഷകർ പറയുന്നു. അതുകൊണ്ടുതന്നെ ഫമേദിഹാനയുടെ ദിവസങ്ങളിൽ സങ്കടത്തിന് ഇടമില്ല. എവിടെയും എപ്പോഴും സന്തോഷവും ആനന്ദവും മാത്രമേ ഉണ്ടാകാവൂ എന്നാണ് വിശ്വാസം.
സ്വപ്നത്തിലെത്തുന്ന പൂർവികർ
“എനിക്ക് വല്ലാതെ തണുക്കുന്നു, പുതിയ വസ്ത്രങ്ങൾ തരുമോ?’ പുതിയ വസ്ത്രങ്ങൾ ചോദിച്ചു കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ സ്വപ്നത്തിൽ പൂർവികർ എത്തുന്നിടത്താണ് ഫമേദിഹാന ചടങ്ങിനു തുടക്കമാകുന്നത്.
പരന്പരാഗത ജ്യോതിഷിയാണ് കല്ലറ തുറക്കാനും അടയ്ക്കാനുമുള്ള തീയതിയും സമയവും നിശ്ചയിക്കുന്നത്. ഇതിൻപ്രകാരം ആഘോഷത്തിൽ പങ്കെടുക്കാൻ ദൂരദേശങ്ങളിൽനിന്നുപോലും ബന്ധുജനങ്ങൾ എത്തിച്ചേരും.
വെറുകയോടെയല്ല ഇവരുടെ വരവ്. പൂർവികരെ സന്തോഷിപ്പിക്കാനും ആഘോഷങ്ങൾ തിമിർക്കാനുമാവശ്യമായ പണവും മദ്യവുമായാണ് എല്ലാവരും എത്തുന്നത്.
തട്ടുകളുള്ള കല്ലറകൾ
വ്യത്യസ്തമായ നിർമാണശൈലിയിലുള്ളതാണ് മറീന വിഭാഗക്കാരുടെ കല്ലറകൾ. പകുതിഭാഗം ഭൂമിക്ക് അടിയിലും ബാക്കി പകുതി ഭൂമിക്കു മുകളിലുമായാണ് ഇവ നിർമിച്ചിരിക്കുന്നത്.
ഇവിടെ പല പല അറകളിലായി തിരിച്ചു പട്ടുവസ്ത്രത്തിൽ പൊതിഞ്ഞാണ് മൃതശരീരങ്ങൾ സൂക്ഷിക്കുക. സൂര്യാസ്തമയത്തിനു മുൻപായിആഘോഷങ്ങളെല്ലാം അവസാനിപ്പിച്ചു മൃതദേഹങ്ങൾ ഭദ്രമായി പുത്തൻ പട്ടുവസ്ത്രത്തിൽ പൊതിഞ്ഞു കല്ലറയിലേക്കു വയ്ക്കും.
രാത്രികാലങ്ങളിൽ ദുഷ്ടശക്തികൾ ശക്തിയാർജിക്കും എന്ന വിശ്വാസം മെറീന വിഭാഗക്കാർക്കിടയിലുള്ളതിനാൽ ഇവർക്ക് ഇരുട്ടിനെ ഭയമാണ്. മാത്രമല്ല സൂര്യനെയാണ് ഇവർ തങ്ങളുടെ ശക്തിസ്രോതസായി കണക്കാക്കുന്നത്.
ഫമേദിഹാന കഴിഞ്ഞു തിരികെ വയ്ക്കുന്ന എല്ലിൻ കഷണങ്ങൾക്കും ശരീരത്തിനുമൊപ്പം മദ്യവും പണവും വയ്ക്കുന്നതും ചടങ്ങിന്റെ ഭാഗമാണ്. ഫമേദിഹാന കഴിഞ്ഞ് അസ്ഥികൾ തിരികെ വയ്ക്കുന്പോൾ ആദ്യം വയ്ക്കുന്നത് തലയാണ്.
തങ്ങളുടെ പൂർവികർ മറ്റൊരു ലോകത്തു ജീവിതം ആരംഭിക്കുന്നു എന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെന്നു മാംഫിയോനോനാ പറയുന്നു.
രോഗഭീഷണി
വലിയ ആഘോഷമാണെങ്കിലും ഈ ആചാരം വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു കാലത്തു നിർമാർജനം ചെയ്ത പ്ലേഗ് എന്ന മാരകരോഗം മഡഗാസ്കറിൽ വീണ്ടും പടർന്നുപിടിക്കുന്നതിലെ പ്രധാന കാരണങ്ങളിലൊന്ന് ഈ ആചരണമാണ്.
ഫമേദിഹാനയുടെ ഭാഗമായി തുറക്കുന്ന കല്ലറ പ്ലേഗ് ബാധിച്ചു മരിച്ചയാളുടേതാണെങ്കിൽ രോഗാണുക്കൾ മറ്റുള്ളവരിലേക്കു പടരാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.