പത്തനാപുരം: മനുഷ്യന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് മെഡിക്കൽ സംഘം പരിശോധന നടത്തി. മരണപ്പെട്ടത് പുരുഷന്റെ ശരീരമാണൈന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടയാളുടെ പ്രായം, മരണപ്പെട്ട സമയം തുടങ്ങി വിശദവിവരങ്ങൾ കൂടുതൽ പരിശോധനകൾക്ക് ശേഷമേ അറിയാനാകൂ. കഴിഞ്ഞ ദിവസമാണ് പത്തനാപുരം ലാസറസ് വലിയ പള്ളിയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വെയർഹൗസ് ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടത്. ഇവിടുത്തെ ജീവനക്കാർ മുകൾ നിലയിലെത്തിയപ്പോൾ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ട് സംശയം തോന്നി പത്തനാപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വ്യക്തത ലഭിക്കാത്തതിനാൽ ഫോറൻസിക് വിദഗ്ധരും,പോലീസ് സർജനുമുൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവം നടന്ന സ്ഥലം സംഘം സന്ദർശിക്കുകയും കത്തി കരിഞ്ഞ അസ്ഥികളും തലയോടും അവിടുത്തെ മണ്ണിന്റെ സാമ്പിളും ഫോറൻസിക് വിഭാഗം ശേഖരിച്ചു. നിർമാണം പൂർത്തിയാകാത്ത ഭാഗത്ത് പൂർണമായും കത്തികരിഞ്ഞ നിലയിലായിരുന്നു അവശിഷ്ടങ്ങൾ.
പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഒരു പേഴ്സ്, താക്കോലുകൾ, തീപ്പെട്ടികൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ പരിശോധന റിപ്പോർട്ട് പോലീസിന് കൈമാറും.
കിഴക്കൻ മേഖലയിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കാണാതായവരെ പറ്റിയുള്ള വിവരങ്ങൾ പോലീസ് മെഡിക്കൽ കോളെജിലെ ഫോറൻസിക് പ്രഫസറും പോലീസ് സർജനുമായ ഡോ. ശശികല, പോലീസ് സർജൻ ഡോ.നിവിൻ, ഓഫീസർ രാജൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പുനലൂർ എഎസ്പി കാർത്തികേയൻ ഗോകുൽചന്ദ്, പത്തനാപുരം സിഐ നന്ദകുമാർ, എസ്ഐ അബ്ദുൽ മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.