പുതുക്കാട്: വൈദ്യുതി മുടങ്ങിയ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എമർജൻസി വിളക്കിന്റെ വെളിച്ചത്തിൽ പോസ്റ്റ്മോർട്ടം നടത്തിയെന്ന് പരാതി. കുരിയച്ചിറ കൂട്ടുങ്കൽ കേശവന്റെ മകൻ പ്രദീപ (39) ന്റെ മൃതദേഹമാണ് ഒന്നര മണിക്കൂർ വൈകി പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെ രാവിലെ പത്തിനാണ് മൃതദേഹം പുതുക്കാട് ആശുപത്രിയിൽ കൊണ്ടുവന്നത്. എന്നാൽ മേഖലയിൽ വൈദ്യുതി മുടങ്ങിയനിലയിലായിരുന്ന തിനാൽ പോസ്റ്റ്മോർട്ടം നടത്താനാവില്ലെന്ന് ആസ്പത്രി അധികൃതർ അറിയിച്ചു.
കെഎസ്ഇബി ഓഫീസിൽ അന്വേഷിച്ചപ്പോൾ ഉച്ചകഴിഞ്ഞ് മാത്രമേ വൈദ്യുതി പുനസ്ഥാപിക്കൂ എന്നറിഞ്ഞു. ബദൽ സംവിധാനമില്ലാത്തതിനാൽ വൈദ്യുതി എത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്താമെന്ന നിലപാടിലായിരുന്നു ആസ്പത്രി അധികൃതർ. വിവരമറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചതിനെ തുടർന്ന് എമർജൻസി വിളക്കിന്റെ വെളിച്ചത്തിൽ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് പ്രവർത്തകർ തന്നെ എമർജൻസി വിളക്ക് എത്തിച്ച് പതിനൊന്നരയോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. സംഭവം ആസ്പത്രിയുടെ സംരക്ഷണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ വീഴ്ചയാണെന്ന് ബിജെപി ആരോപിച്ചു. വ്യാഴാഴ്ച രാത്രി പത്തിന് ഒല്ലൂർ ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുണ്ടായ അപകടത്തിലാണ് പ്രദീപൻ മരിച്ചത്. ഓട്ടോറിക്ഷയും വാനും കെഎസ്ആർടിസി ബസുമിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.
അപകടത്തിപ്പെട്ടവരെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള താലൂക്ക് ആസ്പത്രിയിൽ വൈദ്യുതി മുടങ്ങിയാൽ ബദൽ സംവിധാനമില്ലാത്തത് രോഗികളെ വലയ്ക്കുന്നുണ്ട്.
മൃതദേഹത്തോട് അനാദരവെന്ന് ബിജെപി
പുതുക്കാട്: താലൂക്ക് ആസ്പത്രിയിൽ വൈദ്യുതിയില്ലാതെ പോസ്റ്റ്മോമോർട്ടം വൈകിയ സംഭവം മൃതദേഹത്തോടുള്ള അവഗണനയെന്ന് ബിജെപി ആരോപിച്ചു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആർ.തിലകൻ, റിസണ് ചെവിടൻ, സുബ്രൻ പുത്തോടൻ, സുഭാഷ് രാപ്പാൾ എന്നിവർ സംഭവവുമായി ബന്ധപ്പെട്ട് ആസ്പത്രിയിലെത്തി. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ആസ്പത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ജനങ്ങളോടുള്ള അനീതിയാണെന്നും നേതാക്കൾ ആരോപിച്ചു.