കൽപ്പറ്റ: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോയിൽ. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ആംബുലൻസ് ലഭിക്കാത്തതിനാൽ ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. മൃതദേഹം വീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനാണ് ആംബുലൻസ് ആവശ്യപ്പെട്ടത്.
ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അറിയിച്ചിട്ടും ആംബുലൻസ് ലഭ്യമല്ലെന്ന് പറഞ്ഞ് ട്രൈബൽ പ്രമോട്ടർ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
ചടങ്ങുകൾക്ക് ശേഷം മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ പായിൽ കെട്ടിയശേഷം ഓട്ടോയിൽ കയറിയവരുടെ മടിയിൽ കിടത്തി. മൃതദേഹത്തിന്റെ കാലുകൾ വാഹനത്തിന് പുറത്തേക്ക് നീണ്ടുനിന്നിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.