കഴക്കൂട്ടം: കാര്യവട്ടം യൂണിവേഴ്സിറ്റി കാന്പസിലെ ബോട്ടണി വിഭാഗം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കുറ്റിക്കാട്ടിൽ കൈലിയിൽ കെട്ടിയ തൊട്ടിലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഒന്നരമാസത്തിലേറെ മൃതദേഹത്തിന് പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മാംസം അഴുകി അസ്ഥിപഞ്ജരമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
കാവി കൈലിയിൽ രണ്ട് മരങ്ങളുടെ ഇടയിലായി കെട്ടിയ തൊട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ട്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.
ബോട്ടണി വിഭാഗം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഫലവൃക്ഷങ്ങളുടെ കരാർ എടുത്തിരിക്കുന്ന കരാറുകാരനാണ് മൃതദേഹം ആദ്യം കണ്ടത്. കഴക്കൂട്ടം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം അഴിച്ചിറക്കി. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
മൃതദേഹം കാണപ്പെട്ട സ്ഥലം വരെ മാത്രമാണ് നടവഴിയുള്ളത്. ഈ പ്രദേശത്ത് കൂടി ആൾ സഞ്ചാരം കുറവാണ്. മൃതദേഹത്തിന് സമീപത്ത് നിന്നും മിനറൽ വാട്ടർ ബോട്ടിലിന്റെ കുപ്പികൾ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിയ്ക്കുന്നു.
അതേ സമയം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളുടേതാകാം മൃതദേഹമെന്നാണ് പോലീസിന്റെ നിഗമനം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാർ, സിഐ. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.