പത്തനാപുരം: മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. സാഹചര്യ തെളിവുകളും സംഭവസ്ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളുടെയും അടിസ്ഥാനത്തിൽ അന്വേഷണം തുടരാനാവില്ലെന്ന നിലപാടിലാണ് പോലീസ്. ഇനിയുള്ള പ്രതീക്ഷ ഫോറൻസികിന്റെയും മെഡിക്കൽ സംഘത്തിന്റെയും റിപ്പോർട്ടിലാണ്.
ഇതിനിടെയിൽ മൃതദേഹം വാഴപ്പാറ സ്വദേശിയുടെതാണെന്ന് സംശയവും പോലീസ് തള്ളികളയുന്നില്ല. മേയ് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനാപുരം ജനതാ ജംഗ്ഷനിലെ മാർ ലാസറസ് പളളിയുടെ സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നാണ് മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫോറൻസിക് സംഘത്തിന്റെ പരിശോധനയിൽ മനുഷ്യന്റെ ശരീരമാണെന്ന് കണ്ടെത്തിയിരുന്നു.
പീന്നിട് മെഡിക്കൽ വിഭാഗം നടത്തിയ അന്വേഷണത്തിൽ പുരുഷന്റെതാണെന്നും മനസിലാക്കി. ഇതെ തുടർന്നാണ് വാഴപ്പാറയിൽ നിന്നും കാണാതായ സദാനന്ദന്റെതാണ് മൃതദേഹമെന്ന സംശയമുണ്ടായത്. സമീപത്ത് ലഭിച്ച പേഴ്സും, താക്കോൽ കൂട്ടവും സദാനന്ദന്റെതാണെന്നും സംശയം ബലപ്പെടുന്നുണ്ട്. സദാനന്ദനുമായി അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തു.
ഡിഎൻഎ പരിശോധനയ്ക്കായി സദാനന്ദന്റെ സഹോദന്റെ രക്തസാമ്പിൾ ശേഖരിക്കുകയും ചെയ്തു. ഇതിന്റെ ഫലം പുറത്ത് വന്നാൽ മാത്രമേ അന്വേഷണത്തിൽ പുരോഗതിയുണ്ടാകാൻ സാധ്യതയുള്ളൂ. റിപ്പോർട്ടുകൾ ലഭിക്കാത്തതിനാൽ അന്വേഷണം മന്ദഗതിയിലാണ്. ഇതിനിടെയിൽ മൃതദേഹം കത്തിച്ചത് ആഭിചാരക്രിയകൾക്ക് വേണ്ടിയാണോ എന്ന സംശയവും ഉയരുന്നുണ്ട്.