തൊടുപുഴ: രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിർദേശം വരുകയും പിന്നീട് മുൻകാലങ്ങളിലെ എംപിമാരുടെ ശ്രമഫലമായി മുൻപോട്ടു പോകുകയും ചെയ്ത നിർദ്ദിഷ്ട അങ്കമാലി–ശബരി റെയിൽ പാതയുടെ കാര്യത്തിൽ ജോയ്സ് ജോർജ് എംപിയ്ക്ക് ഫ്ളക്സ് ബോർഡ് വെച്ചതിന്റെ ചെലവ് മാത്രമാണ് വന്നിട്ടുള്ളതെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്.
മുൻ യുപിഎ ഗവൺമെൻറിന്റെ കാലത്ത് എംപിമാരായിരുന്ന പി.ടി. തോമസും, കെ.പി. ധനപാലനും നടത്തിയ പരിശ്രമത്തിന്റെ ഫലമായിട്ടാണു കാലടി വരെയുള്ള ഭൂമി ഏറ്റെടുത്ത് എട്ടുകിലോമീറ്റർ റെയിൽവെ ലൈൻ പൂർത്തിയാക്കുകയും ചെയ്തത്.
പിന്നീട് എല്ലാ ബജറ്റിലും പദ്ധതിയുടെ തുടർച്ചക്കായി പണമനുവദിച്ചിട്ടുമുണ്ട്. ജോയിസ് ജോർജ് എംപിയായതിനു ശേഷം മുവാറ്റുപുഴയിലെ ശബരി പാതയുടെ സ്പെഷൽ ഓഫീസും സ്ഥലമെടുപ്പിനായുള്ള ഓഫീസും പൂട്ടി പോയിട്ടും അദ്ദേഹത്തിനു ഒന്നും ചെയ്യാനായില്ല.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പദ്ധതിയുടെ പകുതി തുക സംസ്ഥാന സർക്കാർ വഹിക്കാമെന്ന് തീരുമാനിച്ചു. ഇടുക്കി ജില്ലയിൽ പ്രവർത്തിച്ചിരുന്ന നെടുങ്കണ്ടം, വാഴത്തോപ്പ്, മൂന്നാർ, കുമളി എന്നിവടങ്ങളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂട്ടി പോയത് അറിയാത്ത എംപി ഒരു നിവേദനം പോലും നൽകിയിട്ടില്ല.
നെടുങ്കണ്ടത്ത് കൗണ്ടർ നിലനിർത്തണമെന്നാവശ്യപ്പെട്ടു എൻസിസി ബറ്റാലിയൻ റെയിൽവെ ഡിവിഷൻ മാനേജർക്ക് കത്തയക്കേണ്ട ഗതികേടിൽ എത്തി.വസ്തുതയിതായിരിക്കെ പതിവനുസരിച്ച് കേന്ദ്ര ഗവൺമെന്റ് ബജറ്റിൽ പണം വകയിരുത്തിയപ്പോൾ അതിന്റെ അവകാശവാദം ഉന്നയിച്ച് തരംതാണ പ്രവർത്തനമാണ് എംപി ചെയ്തിരിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. –