പത്തനംതിട്ട: സ്വാശ്രയ, ഭൂമി, മദ്യ മാഫിയകളാണ് സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പത്ര സമ്മേളനത്തിൽ ആരോപിച്ചു. എൽഡിഎഫിന് അധികാരത്തിലേറാൻ പണം നൽകി സഹായിച്ചവർക്കുളള പ്രത്യുപകാരമായാണ് സ്വാശ്രയ ഫീസ് ഇരിട്ടിയാക്കി ഉയർത്തിയത്. സ്വാശ്രയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ധാർഷ്ട്യം അംഗീകരിക്കാനാകാത്തതു കൊണ്ടാണ് സിപിഐയ്ക്ക് വിദ്യാർഥി സംഘടനയെ സമര രംഗത്തിറക്കേണ്ടി വന്നത്.
സ്വാശ്രയ ലോബി സർക്കാരിൽ വൻ സ്വാധീനമുറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണ് ഫീസ് കുറയ്ക്കാൻ പറ്റാത്തത്.ഭൂമാഫിയയിൽ നിന്ന് ലാഭ വിഹിതം മുഖ്യമന്ത്രിക്കു കിട്ടുന്നതു കൊണ്ടാണ് ഭൂമി കൈയേറ്റത്തെ തളളിപ്പറയാത്തത്.
എം. എം. മണിയെയും സഹോദരനെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്.സംസ്ഥാനത്ത് ഭരണത്തകർച്ച പൂർണമായി. വിവാദങ്ങളുടെ ഫാക്ടറിയാണ് സർക്കാർ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ 25ന് യൂത്ത് കോൺഗ്രസിന്റെ 25000 വാളണ്ടിയർമാർ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ സെക്രട്ടേറിയറ്റ് ഉപരോധിക്കും.
ദേശീയ നേതാക്കൾ സമരത്തിൽ പങ്കെടുക്കുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, സെക്രട്ടറി ശാസ്താംകോട്ട സുധീർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.