ന്യൂയോർക്ക്: അമേരിക്കയെ അന്പരപ്പിച്ച് പ്രസിഡന്റ് ജോ ബൈഡന്റെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചു. ബൈഡനെ അനുകരിച്ചുകൊണ്ടുള്ള ഡീപ് ഫേക്ക് ശബ്ദരേഖയാണ് പുറത്തുവന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള സ്റ്റേറ്റ് പ്രൈമറിയിൽ ആരും വോട്ട് ചെയ്യരുതെന്ന ബൈഡന്റെ ശബ്ദത്തിലുള്ള സന്ദേശമാണ് ഞായറാഴ്ച രാത്രി മുതൽ പ്രചരിച്ചത്.
ന്യൂ ഹാംഷെയർ സ്റ്റേറ്റിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിനെക്കുറിച്ചായിരുന്നു പരാമർശം. ഈ വോട്ടെടുപ്പിൽ ആരും വോട്ട് ചെയ്യരുതെന്നും ആ വോട്ടുകൾ നവംബറിലേക്ക് കരുതണമെന്നുമാണ് ശബ്ദരേഖയിൽ പറയുന്നത്.
സന്ദേശത്തിൽ ബൈഡൻ പതിവായി ഉപയോഗിക്കുന്ന വാചകങ്ങളടക്കം ഉണ്ടായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ച് ബൈഡന്റെ ശബ്ദം അനുകരിച്ചുള്ള റോബോ കോളാണ് വോട്ടർമാർക്ക് ലഭിച്ചതെന്നു പിന്നീട് വ്യക്തമായി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ മറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡിജിറ്റലായി സൃഷ്ടിച്ചതോ മാറ്റപ്പെട്ടതോ ആയ വീഡിയോകളോ ചിത്രങ്ങളോ ആണു ഡീപ്ഫേക്കുകൾ.
ഒറിജിനലാണെന്ന് തോന്നിക്കുന്നമെന്ന വിധമാണ് ഡീപ് ഫേക്ക് വീഡിയോകളുടെ നിർമാണം. ഇന്ത്യയിൽ രശ്മിക മന്ദാന, സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ നിരവധി പ്രമുഖരുടെ ഡീപ് ഫേക്ക് വീഡിയോകൾ ഇറങ്ങിയത് വലിയ വിവാദമായിരുന്നു.